എയര്‍ ഇന്ത്യയുടെ വില്‍പ്പന വ്യോമയാനരംഗത്ത് ശോഭനമായ ഭാവി തുറക്കും


OCTOBER 17, 2021, 10:08 AM IST

അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് 2001 ല്‍ ആരംഭിച്ച പ്രക്രിയയുടെ പരിസമാപ്തിയാണ് 2021 ഒക്ടോബര്‍ 8 ന് ഉണ്ടാക്കിയ ചരിത്രപരമായ എയര്‍ ഇന്ത്യയുടെ വിറ്റഴിക്കല്‍ നടപടി.

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും, കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈന്‍ ആയ എയര്‍ലൈന്‍ എക്‌സ്പ്രസ് ലിമിറ്റഡിന്റെ 100 ശതമാനവും എയര്‍ ഇന്ത്യ എസ്എടിഎസ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനവും ഓഹരികള്‍ വിജയകരമായി വിറ്റഴിച്ചു. നഷ്ടത്തിലായ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ അവയുടെ ഭരണ മാതൃക മാറ്റിക്കൊണ്ട് പുനരുജ്ജീവിപ്പിക്കാന്‍ പൊതുവെ കേന്ദ്ര ഭരണകൂടവും പ്രത്യേകിച്ച് പ്രധാനമന്ത്രിയും, നടത്തുന്ന ശ്രമങ്ങളാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

ഓരോ ദിവസവും 20 കോടി രൂപ വീതം നഷ്ടത്തിലായിരുന്ന എയര്‍ലൈനിന്റെ ആകെനഷ്ടം 2021 ഓഗസ്റ്റോടെ 65,562 കോടി രൂപയായി ഉയര്‍ന്നു. 2016 മുതല്‍ ഓരോ വര്‍ഷവും 5,000 കോടിയിലധികം രൂപ നഷ്ടപ്പെട്ടു. 70,875.98 കോടി രൂപയുടെ നഷ്ടം കമ്പനിയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയ്ക്ക് കാരണമായി.  ഇപ്പോള്‍, അതിന്റെ ആസ്തി 44,000 കോടിയാണ്. 8,084 സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ 12,085 ജീവനക്കാരും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 1,434 ജീവനക്കാരുമുണ്ട്. ഓരോ വര്‍ഷവും ജീവനക്കാരുടെ ആനുകൂല്യച്ചെലവ് 3,000 കോടി രൂപയ്ക്കു മുകളിലാണ്. ജസ്റ്റിസ് ധര്‍മാധികാരി റിപ്പോര്‍ട്ട് അനുസരിച്ച് ഇതിന് 1,332 കോടി രൂപ കുടിശ്ശികയുണ്ട്. 2021 ഓഗസ്റ്റ് വരെ എയര്‍ ഇന്ത്യയ്ക്ക് 213 എന്ന വിമാനങ്ങളാണുള്ളത്. മറ്റു ചെലവുകള്‍ക്കുപുറമെ ഇവ നിലനിര്‍ത്തുന്നതിനും വലിയ ചെലവ് വരും.

കോവിഡ് 19 വ്യോമയാന മേഖലയില്‍ വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. പകര്‍ച്ചവ്യാധി മൂലം ലോകമെമ്പാടുമുള്ള എയര്‍ലൈനുകളുടെ സാമ്പത്തിക നഷ്ടം ഏകദേശം 370 ബില്യണ്‍ ഡോളര്‍ ആണെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ഒരു റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു. വിമാനത്താവളങ്ങളും എയര്‍ നാവിഗേഷന്‍ സേവന ദാതാക്കളും യഥാക്രമം 115 ബില്യണ്‍ ഡോളറും 13 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. എയര്‍ ഇന്ത്യ ചാര്‍ട്ടറുകള്‍/വന്ദേ ഭാരത് മിഷന്‍ ഫ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതിനാല്‍, ലോക്ക്ഡൗണ്‍ സമയത്ത് വിമാനങ്ങള്‍ നിര്‍ത്തലാക്കിയതിനാല്‍ അതിന്റെ വരുമാനത്തെ ബാധിച്ചെങ്കിലും നിശ്ചിത ചെലവുകള്‍ വഹിക്കേണ്ടിവന്നു.

എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായ നഷ്ടം 2020-21 വര്‍ഷത്തെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം ഏകദേശം 9,779 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22.5 ശതമാനം വര്‍ദ്ധനവ്. വ്യക്തമായും, വര്‍ഷങ്ങളായി ഗവണ്‍മെന്റുകളുടെ മികച്ച ശ്രമങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഒരു മത്സരപരമായ പ്രവര്‍ത്തന ഘടനയുടെ അഭാവത്തില്‍ എയര്‍ലൈനിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു.

എയര്‍ലൈനിന്റെ വില്‍പ്പന വ്യോമയാന വിപണിയില്‍ മത്സരം നിലനിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടിലേക്കാണ് വെളിച്ചം വീശുന്നത്. വിമാന ടിക്കറ്റുകളുടെ വിലവര്‍ധന നമ്മള്‍ ഇതിനകം കണ്ടുകൊണ്ടിരിക്കുകയാണ്, അത്തരമൊരു ഘട്ടത്തില്‍, ഏതെങ്കിലും തരത്തിലുള്ള കുത്തക പ്രവണതകളെ വിപണിയില്‍ സജ്ജമാക്കുന്നത് വിവേകശൂന്യമായിരിക്കും. മാര്‍ക്കറ്റ് ഷെയറിന്റെ 50 ശതമാനത്തിലധികം എയര്‍ലൈന്‍ ഇതിനകം ആധിപത്യം പുലര്‍ത്തുന്നതിനാല്‍, എയര്‍ ഇന്ത്യ അടച്ചുപൂട്ടുന്നത് വിപണിയിയെ അന്യായമായ മത്സരത്തിലേക്ക് നയിക്കും.

2017-18 ല്‍, ഇന്‍ഡിഗോ (40.9 ശതമാനം) കഴിഞ്ഞാല്‍, ജെറ്റ് എയര്‍വേയ്‌സ് ആയിരുന്നു രണ്ടാം സ്ഥാനത്ത് (14.6 ശതമാനം) ഉണ്ടായിരുന്നത്. ജെറ്റ് അടച്ചുപൂട്ടിയതിനുശേഷം, ഇന്‍ഡിഗോയ്ക്ക്  2019-20 ല്‍ 47.8 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ കല്‍പ്പിച്ചു, അത് 2021 ജൂണ്‍ വരെ 58.6 ശതമാനമായി ഉയര്‍ന്നു. മറ്റൊരു എയര്‍ലൈനിന്റെ കൂടി പുറത്താകലോ അടച്ചുപൂട്ടലോ വിപണിയെ കൂടുതല്‍ സങ്കീര്‍ണമാക്കും. മാത്രമല്ല, കടബാധ്യതയുള്ള ഒരു എയര്‍ലൈന്‍ വ്യവസായത്തിന് ഈ നടപടി ഭാരം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതേസമയം സര്‍ക്കാരിന് അമിത ബാധ്യതയും ഉണ്ടാകും. ഇതെല്ലാം പരിഗണിക്കുമ്പോള്‍, ഇപ്പോള്‍ കൂടുതല്‍ മത്സരബോധമുള്ള ഒരു സ്ഥാപനം നിയന്ത്രിക്കുന്ന എയര്‍ ഇന്ത്യ ഒരു സ്വതന്ത്ര വ്യോമയാന വിപണിയില്‍ വില്‍ക്കുന്നത് സ്വാഗതാര്‍ഹമായ നടപടിയാണ്.

കുമിഞ്ഞുകൂടിയ നഷ്ടങ്ങളും പ്രവര്‍ത്തനരഹിതമായ വിമാനങ്ങളും കോവിഡ് -19-ന്റെ അനന്തരഫലങ്ങളും എയര്‍ ഇന്ത്യ ഏറ്റെടുത്ത  ടാറ്റ സണ്‍സിന് മുന്നില്‍ ഒരു വലിയ ദൗത്യമാണ് അവശേഷിപ്പിക്കുന്നത്. ടാറ്റയുടെ പ്രവര്‍ത്തനം സുസ്ഥിരമാക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും എടുക്കും. ഏറ്റെടുക്കലോടെ എയര്‍ലൈന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ഹ്രസ്വകാലത്തേക്ക് ടാറ്റയുടെ മുഴുവന്‍ വ്യോമയാന സംരംഭങ്ങളെയും ഈ വില്‍പ്പന പ്രതികൂലമായി ബാധിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. എന്നിരുന്നാലും, ഗ്രൂപ്പിന്റെ മറ്റ് വ്യോമയാന സംരംഭങ്ങളായ വിസ്താരയും എയര്‍ ഏഷ്യയും തമ്മിലുള്ള സമന്വയത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാനാകും. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പോലെ, തകര്‍ച്ചയുടെ വക്കിലെ സംരംഭങ്ങളെ ലാഭത്തിലാക്കി തെളിയിച്ച ചരിത്രമാണ് ടാറ്റ ഗ്രൂപ്പിനുള്ളത്. കമ്പനിയുടെ അഭിമാനമായ പ്രൊഫഷണല്‍ മാനേജുമെന്റില്‍ നമ്മള്‍ വിശ്വാസം അര്‍പ്പിക്കേണ്ടതുണ്ട്.

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കിടയില്‍ വലിയ ആശങ്കയും ഉത്കണ്ഠയും ഉണ്ടായിരുന്നു. പ്രവര്‍ത്തനക്ഷമമായ തുടര്‍ച്ചയായ പദ്ധതിയില്ലാതെ എയര്‍ലൈന്‍ ഉപേക്ഷിക്കുന്നത് അവരുടെ കുടുംബങ്ങളെ സാമ്പത്തികമായി തളര്‍ത്തും. എന്നിരുന്നാലും, ഒരു ജീവനക്കാരനെയും ഒരു വര്‍ഷത്തേക്ക് പിരിച്ചുവിടാന്‍ കഴിയില്ല എന്നതും, രണ്ടാം വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന ഏതൊരു ജീവനക്കാരനും സ്വമേധയാ വിരമിക്കല്‍ പദ്ധതി വാഗ്ദാനം ചെയ്യുമെന്നതും, കഴിഞ്ഞ എല്ലാ കുടിശ്ശികകളും അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്യുന്നതുമായ കരാര്‍ വ്യവസ്ഥകള്‍ അവര്‍ക്ക് ആശ്വാസം നല്‍കുന്നു. കോവിഡ് -19 ന് ശേഷം സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ യഥാര്‍ത്ഥ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങുന്നതിനാല്‍, വ്യക്തികളുടെ തൊഴില്‍ സുരക്ഷ അവഗണിക്കാനാവാത്ത ഒരു പ്രധാന പരിഗണനയാണ്. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമാണ് ദീര്‍ഘകാലമായി കാത്തിരുന്ന ഈ പ്രശ്‌നവും പരിഹരിച്ചത്.

2009-10 മുതല്‍ 1,10,276 കോടി രൂപ എയര്‍ലൈനില്‍ നിക്ഷേപിച്ച നികുതിദായകര്‍ക്ക് കൂടുതല്‍ ബാധ്യത വരുത്തിക്കൊണ്ട്, മരണാസന്നമായ ഒരു സംരംഭത്തിന്റെ അനിയന്ത്രിത സംരക്ഷകന്‍ എന്ന ദുഷ്‌പേര് സര്‍ക്കാരിന് ഇപ്പോള്‍ ഉപേക്ഷിക്കാനാകും. ഇപ്പോള്‍ മുതല്‍, സര്‍ക്കാര്‍ പിന്തുണയുള്ള ഗ്യാരണ്ടികളും പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള വിമാനങ്ങളുടെ ബാക്കി കടങ്ങളും ഒഴികെ, എയര്‍ ഇന്ത്യ സര്‍ക്കാരിന്റെ ഖജനാവിന് കൂടുതല്‍ ഭാരം ഉണ്ടാക്കില്ല.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി സര്‍ക്കാരിന്റെ മേലുള്ള സംരക്ഷണവാദത്തിന്റെ ആരോപണങ്ങള്‍ ഇല്ലാതാക്കാനും ന്യായമായ മത്സരം വളര്‍ത്താനും വ്യോമയാന വിപണിയെ വികലങ്ങളില്‍ നിന്ന് ഒഴിവാക്കാനും യാത്രയ്ക്കുള്ള അവസരം വര്‍ദ്ധിപ്പിക്കാനും കഴിയും. കുത്തഴിഞ്ഞ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായും ഇത് മാറും.

ഇന്ത്യയുടെ വ്യോമയാന സംരംഭങ്ങള്‍ വികസിപ്പിക്കാനുള്ള അവസരമാണിത്. ഈ വില്‍പ്പനയ്ക്ക് ശേഷം, അഭ്യന്തര വ്യോമയാന വിപണിക്കും എയര്‍ ഇന്ത്യയുടെയും സര്‍ക്കാരിന്റെയും ജീവനക്കാര്‍ക്കും മാത്രമല്ല, സാധാരണക്കാര്‍ക്കും ഒരു ശോഭനമായ ഭാവി വിഭാവനം ചെയ്യാം.

Other News