ബി ടി എസിനെയും ടെയ്ലര്‍ സ്വിഫ്റ്റിനെയും കടത്തിവെട്ടി അല്‍ക്ക യാഗ്നിക്   ഗിന്നസ് ലോക റെക്കാഡില്‍ ഹാട്രിക്


JANUARY 30, 2023, 5:32 PM IST

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ബാന്‍ഡ് ആയ ബി ടി എസിനെ കടത്തിവെട്ടി ഇന്ത്യന്‍ സംഗീത രാജ്ഞി അല്‍ക്ക യാഗ്നിക് യുട്യൂബ് സ്ട്രീമിങ്ങില്‍ ഒന്നാമതെത്തി.

2022ല്‍ ആഗോളപരമായി യുട്യൂബില്‍ ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്യപ്പെട്ട ആര്‍ട്ടിസ്റ്റായി ഗിന്നസ് ലോക റെക്കാഡില്‍ ഒന്നാമത്തെത്തിയിരിക്കുകയാണ് അല്‍ക്ക യാഗ്നിക്. കഴിഞ്ഞവര്‍ഷം മാത്രം 15.3 ബില്യണ്‍ യുട്യൂബ് സ്ട്രീം ആണ് ഗായികയുടെ പേരിലുള്ളത്.

2022ലെ യുട്യൂബ് ഗ്‌ളോബല്‍ റാങ്കിംഗില്‍ ഒന്നാമതാണ് അല്‍ക്ക നിലവില്‍. പ്യൂര്‍ട്ടോ റിക്കാന്‍ റാപ്പറും ഗായകനുമായ ബാഡ് ബണ്ണിയാണ് ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. 14.7 ബില്യണ്‍ സ്ട്രീമുകളാണ് ബാഡ് ബണ്ണിയ്ക്കുള്ളത്.

ഗിന്നസ് റെക്കാഡ് പ്രകാരം യുട്യൂബില്‍ കഴിഞ്ഞ മൂന്നുവര്‍ഷവും ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്ത താരവും അല്‍ക്കയാണ്

. 2021ല്‍ 17.7 ബില്യണ്‍ സ്ട്രീമുകളും 2020ല്‍ 16.6 ബില്യണ്‍ സ്ട്രീമുമാണ് ഗായികയുടെ പാട്ടുകള്‍ക്ക് ലഭിച്ചത്. കൂടാതെ ഇന്ത്യയിലെ പ്രഗത്ഭരായ മറ്റ് ചില ഗായകരും പട്ടികയുടെ മുന്നില്‍ ഇടം പിടിച്ചിട്ടുണ്ട്. ഉദിത് നാരായണ്‍ 10.8 ബില്യണ്‍, അര്‍ജിത്ത് സിംഗ് 10.7 ബില്യണ്‍, കുമാര്‍ സാനു 9.09 ബില്യണ്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഗായകര്‍.അല്‍ക്ക യാഗ്നിക്കിന്റെ സ്ട്രീമുകളില്‍ 80 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്.

12.3 ബില്യണ്‍ സ്ട്രീമാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാനിലും ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്തിട്ടുള്ള താരവും അല്‍ക്കയാണ്. 683 മില്യണ്‍ സ്ട്രീം ആണ് പാകിസ്ഥാനില്‍ നിന്നുമാത്രം കഴിഞ്ഞവര്‍ഷം ലഭിച്ചത്.കെ പോപ്പ് സൂപ്പര്‍ സ്റ്റാറുകളായ ബി ടി എസും ബ്‌ളാക്ക് പിങ്കുമാണ് ആദ്യപത്തില്‍ ഇടം നേടിയ മറ്റ് ഗായകര്‍.

ബി ടി എസിന് 7.95 ബില്യണും ബ്‌ളാക്ക് പിങ്കിന് 7.03 ബില്യണുമാണ് കഴിഞ്ഞവര്‍ഷം സ്ട്രീമിംഗ് ലഭിച്ചത്. അതേസമയം, പ്രശസ്ത അമേരിക്കന്‍ ഗായികയായ ടെയ്ലര്‍ സ്വിഫ്റ്റ് 26ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

Other News