സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് നോട്ടിസ് പരസ്യപ്പെടുത്തേണ്ടെന്ന് അലഹബാദ് ഹൈക്കോടതി


JANUARY 13, 2021, 7:23 PM IST

ന്യൂഡല്‍ഹി: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നും ജസ്റ്റിസ് വിവേക് ചൗധരി നിരീക്ഷിച്ചു.ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചതിന് യുവതിയെ വീട്ടുകാര്‍ തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ച് യുവാവ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി പുതിയ നിരീക്ഷണം നടത്തിയത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരാകുമ്പോള്‍ നിയമപ്രകാരം 30 ദിവസം നോട്ടീസ് പരസ്യമായി പ്രസിദ്ധീകരിക്കുകയും എതിര്‍പ്പുകളുണ്ടെങ്കില്‍ അറിയിക്കേണ്ടതുമാണ്. എന്നാല്‍ ഈ നടപടി തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് അനാവശ്യമായ ഇടപെടല്‍ സ്വകാര്യ ജീവിതത്തില്‍ ഉണ്ടാക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്.സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കുമ്പോള്‍ നോട്ടീസ് പരസ്യപ്പെടുത്തണോ എന്ന കാര്യം എഴുതി നല്‍കാമെന്ന് കോടതി പറഞ്ഞു. നിയമത്തിലെ ആറാം വകുപ്പ് പ്രകാരമുള്ള നോട്ടീസ് പരസ്യപ്പെടുത്തണോ എന്ന് കക്ഷികള്‍ക്ക് തീരുമാനിക്കാം.നോട്ടീസ് പരസ്യപ്പെടുത്തേണ്ടെന്നാണ് കക്ഷികള്‍ ആവശ്യപ്പെടുത്തുന്നതെങ്കില്‍ ഉദ്യോഗസ്ഥന്‍ ആ ആവശ്യം അംഗീകരിച്ച് വിവാഹം നടത്തിക്കൊടുക്കണം.വിവാഹിതരാകുന്നവരുടെ തിരിച്ചറിയല്‍ രേഖ, പ്രായം, സമ്മതം എന്നിവയില്‍ സംശയമുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.ലവ്ജിഹാദ് നിയമം ക്രൂരവും അധാര്‍മികവുമാണെന്നും പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലീകാവകാശവും വ്യക്തിപരവുമാണെന്നും കോടതി പറഞ്ഞു.

Other News