ഹിന്ദി പ്രഥമ ഭാഷയാക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ


SEPTEMBER 18, 2019, 7:57 PM IST

ന്യൂഡല്‍ഹി: ഹിന്ദി പ്രഥമഭാഷയാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാതൃഭാഷയ്ക്ക് ശേഷം രണ്ടാമത്തെ ഭാഷയായി ഹിന്ദിയെ പരിഗണിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്. ഹിന്ദിയ്ക്ക പ്രാധാന്യമില്ലാത്ത ഗുജറാത്തില്‍ നിന്നാണ് താന്‍ വരുന്നതെന്ന കാര്യം ഇവര്‍ ഓര്‍ക്കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ഹിന്ദി ദിവസിനോടനുബന്ധിച്ച്  പോസ്റ്റ് ചെയ്ത ട്വീറ്റാണ് വിവാദമുയര്‍ത്തിയത്.ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനും ലോകത്തിനുമുന്നില്‍ അടയാളപ്പെടുത്താനും ഹിന്ദിക്കാകുമെന്നായിരുന്നു ഷായുടെ ട്വീറ്റ്. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് ഇന്ത്യയെ ഐക്യപ്പെടുത്താന്‍ കഴിയും. ഹിന്ദി പ്രാഥമിക ഭാഷയാക്കി മാറ്റണം. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു ഭാഷ അത്യാവശ്യമാണ്. നിരവധി ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യമുണ്ട്. എന്നാലും ലോകത്ത് ഇന്ത്യയുടെ സ്വത്വമായി മാറേണ്ട ഒരു ഭാഷയുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അദ്ദേഹം കുറിച്ചു.

ഹിന്ദി വ്യാപകമായി ഉപയോഗിക്കണമെന്ന് രാജ്യത്തെ എല്ലാ പൗരന്‍മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റേയും സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗം കൂടിയാണതെന്നും ഷാ വ്യക്തമാക്കി. എന്നാല്‍ ഷായ്‌ക്കെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Other News