തമിഴ്‌നാട്ടില്‍ ബി.ജെ.പി.യുമായുള്ള സഖ്യം തുടരും: എ.ഐ.എ.ഡി.എം.കെ.


NOVEMBER 22, 2020, 12:58 AM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പി. യുമായുള്ള സഖ്യം തുടരുമെന്ന് എ.ഐ.എ.ഡി.എം.കെ. ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കൊപ്പം മത്സരിക്കുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി. ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യം തുടരവേയാണ് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച തമിഴ്‌നാട്ടിലെത്തിയിരുന്നു. എം.ജി.ആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്. 

സംസ്ഥാനത്ത് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പിയ്ക്ക് അമിത് ഷായുടെ വരവ് നിര്‍ണായകമാണ്. വെട്രിവേല്‍ യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടിയിരുന്നു. അതേസമയം സ്റ്റാലിനുമായി അകന്ന് നില്‍ക്കുന്ന എം.കെ അളഗിരി ബിജെപി ചായ്‌വ് കാണിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ അളഗിരിയുടെ വിശ്വസ്തനായ കെ.പി രാമലിംഗം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

Other News