കര്‍ഷക പ്രക്ഷോഭം: അനുനയനീക്കവുമായി സര്‍ക്കാര്‍; അമിത് ഷാ സമരക്കാരുമായി ഫോണില്‍ സംസാരിച്ചു; ചര്‍ച്ച ഉടന്‍


NOVEMBER 30, 2020, 4:32 PM IST

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം കൊണ്ട് സംഘര്‍ഷ ഭരിതമായ രാജ്യ തലസ്ഥാനത്ത് സമാധാന ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍. സമരം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള അനുനയനീക്കങ്ങളാണ് കേന്ദ്രം ഊര്‍ജ്ജിതമാക്കിയത്. കര്‍ഷകരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഫോണില്‍ സംസാരിച്ചു.

ഡിസംബര്‍ മൂന്നിന് മുമ്പ് കര്‍ഷകരുമായി ചര്‍ച്ച നടക്കുമെന്നാണ് വിവരം .ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ആദ്യ രണ്ട് - മൂന്ന് ദിവസങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം സമാധാനപരമായ സമരമാണ് ഡല്‍ഹി അതിര്‍ത്തികളിലും കര്‍ഷകര്‍ എത്തിച്ചേര്‍ന്ന നിരങ്കരി മൈതാനത്തും ഇപ്പോള്‍ നടക്കുന്നത്.

പാട്ടുകള്‍ പാടിയും ഭക്ഷണം വച്ചും കര്‍ഷക നിയമത്തിന്റെ പോരായ്മകളും അപകടങ്ങളും വിശദീകരിച്ചാണ് കര്‍ഷകര്‍ ഇപ്പോള്‍ സമരം മുന്നോട്ട് കൊണ്ടു പോകുന്നത്.

ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്ക് മാറില്ലെന്ന് ഒരു വിഭാഗം കര്‍ഷകര്‍ അറിയിച്ചതിന് പിന്നാലെ കഴിഞ്ഞ രാത്രി അമിത്ഷായുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ ബി ജെ പി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 26ന് തുടങ്ങിയ കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവച്ചത്.

Other News