തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി പാര്‍ട്ടി പദവികളിൽ നിന്ന് രാജിവെച്ചു. ട്വിറ്ററിലൂടെയാണ് രാജിവിവരം അറിയിച്ചത്.
പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്ത് ട്വിറ്ററില്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് രാജി. എ ഐ സി സി, കെ പി സി സി ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലായിരുന്നു അനില്‍ പ്രവര്‍ത്തിച്ചിരുന്നത്. പദവികള്‍ ഒഴിഞ്ഞതായി അനില്‍ വ്യക്തമാക്കി.
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അനിലിന്റെ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനകത്തു തന്നെ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കളാണ് അനില്‍ ആന്റണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.
ഡോക്യുമെന്ററിയെക്കുറിച്ചുള്ള തന്റെ ന്യൂട്രല്‍ ആയ പ്രതികരണം പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും തനിക്കെതിരെ ഗുരുതരമായ സൈബര്‍ ആക്രമണം ഉണ്ടായെന്നും അനില്‍ പ്രതികരിച്ചു. വളരെ മോശം പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായത്.
പാര്‍ട്ടിയില്‍ 2017 ലാണ് താന്‍ ചേര്‍ന്നത്. അന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്ന എത്തിക്‌സ് ഇന്ന് നഷ്ടമായി. അന്താരാഷ്ട്ര വേദികളില്‍ പോലും പ്രവര്‍ത്തിക്കുന്ന തനിക്കെതിരെ ഇത്തരം മോശം പ്രതികരണങ്ങള്‍ ഉണ്ടായി എങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. ഇതു മാത്രമല്ല ഒരു പാടുകാര്യങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടെന്നും അതെല്ലാ പാര്‍ട്ടി പദവികള്‍ ഒഴിയുന്നതിന് കാരണമായെന്നും അനില്‍ പറഞ്ഞു. പാര്‍ട്ടി വിടുന്ന കാര്യം തീരുമാനിച്ചില്ല. സാധാരണ അംഗമായി തുടരും. അച്ഛനുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ആരെയും പേരെടുത്തു കുറ്റപ്പെടുക്കാനും തയ്യാറല്ല എന്നും അനില്‍ ആന്റണി പറഞ്ഞു.