ഇന്ത്യക്കാരി അന്‍ഷുല കാന്ത് ലോകബാങ്ക് എം.ഡി


JULY 13, 2019, 12:28 PM IST

ന്യൂഡല്‍ഹി: ഇന്ത്യക്കാരിയായ അന്‍ഷുല കാന്ത് (58) ലോകബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി നിയമിതയായി.ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ശ്രീമതി കാന്ത്. നിലവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് അവര്‍.

ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഓണേഴ്‌സും സ്‌ക്കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതിന്‌ശേഷം 1983 ലാണ് ഇവര്‍ എസ്.ബി.ഐയില്‍ നിയമിതയാകുന്നത്. തുടര്‍ന്ന് 2018 ല്‍ എസ്.ബി.ഐ മാനേജിംഗ് ഡയറക്ടറായി.ലോകബാങ്കിന്റെ ധനകാര്യ,റിസ്‌ക്ക് മാനേജ്‌മെന്റ് ചുമതലയായിരിക്കും അന്‍ഷുല നിര്‍വഹിക്കുക എന്നാണറിയുന്നത്.

ധകാര്യബാങ്കിംഗ് രംഗത്ത് 35 വര്‍ഷത്തിലധികം അനുഭവ പരിചയമുള്ള അന്‍ഷുലയെ ലോകബാങ്ക് എം.ഡിയായി നിയമിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുകയാണെന്ന് നിയമനവിവരം അറിയിക്കവേ ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് പറഞ്ഞു.

റിസ്‌ക് മാനേജ്‌മെന്റ്, ട്രഷറി, ഫണ്ടിംഗ് തുടങ്ങിയ മേഖലകളിലെ അന്‍ഷുലയുടെ വൈദഗ്ധ്യവും ദീര്‍ഘവീക്ഷണവും ഉപയോഗപ്പെടുത്താന്‍ ലോക ബാങ്കിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ബിഐ എംഡി യായിരിക്കെ  ബാങ്കിന് 38 ബില്യന്‍ ഡോളര്‍ വരുമാനവും 500 ബില്യന്‍ ആസ്തിയും നേടിക്കൊടുക്കാന്‍ അന്‍ഷുല കാന്തിന് സാധിച്ചിരുന്നു.  എസ്ബിഐയുടെ മൂലധന അടിത്തറ ഭദ്രമാക്കുന്നതിനും ദീര്‍ഘകാല നേട്ടം ഉറപ്പുവരുത്തുന്നതിലും അവര്‍ വിജയിച്ചു.

Other News