ഒ ടി ടി പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടിയെന്ന് അനുരാഗ് താക്കൂര്‍


MARCH 19, 2023, 9:14 PM IST

ന്യൂഡല്‍ഹി: ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. ഒ ടി ടി കണ്ടന്റുകളിലെ അധിക്ഷേപകരമായ ഭാഷയും അശ്ലീല പ്രകടനവും തടയുമെന്നും ആവശ്യമെങ്കില്‍ ഒ ടി ടിക്കു മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 

സെന്‍സര്‍ഷിപ്പിന്റെ അഭാവത്തില്‍ ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സെല്‍ഫ് ക്ലാസിഫിക്കേഷന്‍ മാത്രമാണ് ഇപ്പോള്‍. ഒ ടി ടി സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉള്ളടക്കത്തില്‍ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതിനും അശ്ലീലം പ്രദര്‍ശിപ്പിക്കുന്നതിനുമെതിരെ എതിര്‍പ്പ് ഉയരാറുണ്ട്. ഒ ടി ടികള്‍ക്കെതിരെ ലഭിക്കുന്ന പരാതികളില്‍ കര്‍ശന നടപടിയെടുത്ത് മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. 

സര്‍ഗ്ഗാത്മകതയുടെ പേരില്‍ ദുരുപയോഗം ചെയ്യുന്നത് വെച്ചുപൊറുപ്പിക്കില്ല. ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ അധിക്ഷേപകരവും അശ്ലീലവുമായ ഉള്ളടക്കം വര്‍ധിച്ചുവരുന്നു എന്ന പരാതിയെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍, മന്ത്രാലയം അത് പരിഗണിക്കുമെന്നും അനുരാഗ് താക്കൂര്‍ നാഗ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഈ പ്ലാറ്റ്ഫോമുകള്‍ക്ക് സര്‍ഗ്ഗാത്മകതയ്ക്കാണ് സ്വാതന്ത്ര്യം നല്‍കിയത്. അശ്ലീലത്തിനോ ദുരുപയോഗത്തിനോ അല്ല. ഒരു പരിധി കടന്നാല്‍ സര്‍ഗ്ഗാത്മകതയുടെ പേരിലുള്ള അധിക്ഷേപവും പരുഷമായ രീതികളും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇതില്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ ഉള്ളടക്കം നിരീക്ഷിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് ഈ വര്‍ഷം ജനുവരിയില്‍ അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നു. ഒ ടി ടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് പരാതികള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ 95 ശതമാനം പരാതികളും നിര്‍മ്മാതാക്കളുടെ തലത്തില്‍ തന്നെ പരിഹരിക്കപ്പെടുന്നുണ്ടെന്നും മറ്റുള്ളവ രണ്ടാം ഘട്ടത്തില്‍ റിലീസ് ചെയ്യുന്ന പ്ലാറ്റുഫോമുകളില്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കോവിഡ് സാഹചര്യത്തില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ സിനിമാ വ്യവസായത്തെ നിലനിര്‍ത്തിയത് ഒ ടി ടികള്‍ ആണ്. 43 മില്യണ്‍ ആളുകള്‍ ആണ് രാജ്യത്ത് നിലവില്‍ ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ ഉപയോക്താക്കള്‍. 2023 അവസാനത്തോടെ ഈ കണക്ക് 50 മില്യണ്‍ അടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ആവശ്യക്കാര്‍ കൂടുന്നതോടെ കണ്ടന്റിലെ വൈവിധ്യവും ഒപ്പം മാര്‍ഗരേഖകളുടെ ലംഘനവും സംഭവിക്കുന്നതായാണ് നിരീക്ഷിക്കപ്പെടുന്നത്.

Other News