രണ്ട് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാമെന്ന് മുന്‍ കേന്ദ്രമന്ത്രി അസ്‌ലം ഷേര്‍ ഖാന്‍


JUNE 7, 2019, 1:15 PM IST

ഭോപാല്‍: കോണ്‍ഗ്രസ് ഹൈക്കമാന്റ് അനുവദിക്കുകയാണെങ്കില്‍ രണ്ട് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാമെന്ന് ഒളിംപ്യനും മുന്‍ കേന്ദ്ര മന്ത്രിയുമായ അസ്‌ലം ഷേര്‍ ഖാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് ഷെര്‍ഖാന്‍ കത്തയച്ചു.

മെയ് 27നാണ് രാഹുല്‍ ഗാന്ധിക്ക് ഷെര്‍ഖാന്‍ ഇത് സംബന്ധിച്ച് കത്തയക്കുന്നത്. താന്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നേതാക്കളോട് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷേര്‍ ഖാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

മധ്യപ്രദേശില്‍ നിന്ന് മത്സരിച്ച് ജയിച്ചു കേന്ദ്ര മന്ത്രിയായിട്ടുണ്ട്. 1997ല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയ ഷേര്‍ ഖാന്‍ രണ്ട് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു. 1975 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമാണ് 65 കാരനായ ഒളിമ്പ്യന്‍ അസ്‌ലം ഷേര്‍ ഖാന്‍.

Other News