ബിജെപിക്ക് തിരിച്ചടിയായി   അസമിലെ പൗരത്വ രജിസ്റ്റര്‍


SEPTEMBER 6, 2019, 11:22 AM IST

കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ബിജെപി അവകാശപ്പെട്ടു വന്നിരുന്നത് അസമിലെ ജനസംഖ്യയില്‍ ഭൂരിപക്ഷവും  അനധികൃതമായി കുടിയേറിയ ബംഗ്ലാദേശി മുസ്ലിങ്ങളാണെന്നായിരുന്നു.

1980കളില്‍ സംസ്ഥാനത്തെ ജനജീവിതത്തെയും സമ്പദ്ഘടനയെയും തകര്‍ത്ത ഓള്‍ അസം സ്റ്റുഡന്റസ് യൂണിയന്റെ (ആസു) നേത്രത്വത്തില്‍ അരങ്ങേറിയ സ്വദേശിവാദ പ്രക്ഷോഭത്തിന്റെ ചുവടുപിടിച്ച്  അസമില്‍ വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കാനും പാര്‍ട്ടിക്ക് ശക്തമായ ഒരു അടിത്തറ പണിയാനും അവര്‍ക്ക് കഴിഞ്ഞിരുന്നു.ആസുവിനെപ്പോലെ അവരുടെയും ആവശ്യം അസമിലെ ജനസംഖ്യയില്‍ പെടുന്നവരുടെ ഒരു പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കണമെന്നതായിരുന്നു. 1971ന് മുന്‍പ് അസമില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്തിരുന്നവര്‍ മാത്രമേ രജിസ്റ്ററില്‍ ഉള്‍പ്പെടാവൂ എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, ശനിയാഴ്ച പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ ആര്‍ സി) അന്തിമ പട്ടിക ബിജെപിയെ വെട്ടിലാക്കിയെന്നു വേണം പറയേണ്ടത്. പാര്‍ട്ടി ഉയര്‍ത്തിയ ആവശ്യത്തിന് അനുയോജ്യമായ ഒന്നല്ല അത്. അതില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം അസംതൃപ്തരാണ്.

ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും ഒഴിവാക്കപ്പെട്ടവരെ നാടുകടത്തില്ലെന്നും അങ്ങനെയൊരു നിര്‍ദ്ദേശം ഗവണ്മെന്റിനു മുമ്പാകെയില്ലെന്നുമാണ് ഒരു മുതിര്‍ന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളില്‍ എന്‍ ആര്‍ സി പുതുക്കല്‍ അഭ്യാസം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത് 'വളരെ പ്രശ്ന സങ്കീര്‍ണ്ണവും ചിലവേറിയതും നിഷ്ഫലവുമായ ഒരു അഭ്യാസം' ആയിരിക്കുമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ രണ്ടു ദശകങ്ങളായി ബംഗ്ലാദേശില്‍നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നം ബിജെപി വലിയൊരു വിഷയമായി ഉയര്‍ത്തിക്കാട്ടുകയായിരുന്നു. 2003നു ശേഷം ഈ പ്രശ്നത്തില്‍ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി കുറഞ്ഞത് 17 പ്രമേയങ്ങളെങ്കിലും പാസ്സാക്കിയിട്ടുണ്ട്. അനുച്ഛേദം 370 റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മ്മാണം,ഏകീകൃത സിവില്‍ കോഡ്  നടപ്പാക്കല്‍ എന്നിവ പോലെ പാര്‍ട്ടിയുടെ പ്രധാന അജണ്ടയായിരുന്നു അതെന്നാണ് വ്യക്തമാകുന്നത്.

തെറ്റുകള്‍ നിറഞ്ഞത് എന്നായിരുന്നു അന്തിമ പട്ടികയെ ബിജെപിയുടെ  അസമിലെ മുതിര്‍ന്ന  നേതാക്കള്‍ വിമര്‍ശിച്ചത്.  അനധികൃത കുടിയേറ്റക്കാരെ 'ചിതലുകള്‍' എന്നായിരുന്നു ബിജെപിയുടെ പ്രസിഡന്റും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ വിശേഷിപ്പിച്ചത്. അവരുടെ എണ്ണം ദേശീയ സുരക്ഷക്ക് ഒരു ഭീഷണിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.  ബംഗ്ലാദേശില്‍നിന്നുമുള്ള രണ്ടു കോടിയോളം അനധികൃത കുടിയേറ്റക്കാര്‍  ഇന്ത്യയിലുണ്ടെന്നാണ് 2016  നവംബറില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കിരണ്‍ റിജിജു പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് അനധികൃത കുടിയേറ്റക്കാര്‍ പത്തുലക്ഷം വരുമെന്ന് 2003ല്‍ അന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന എല്‍ കെ അദ്വാനി പറഞ്ഞിടത്താണ്--19 ലക്ഷത്തില്‍.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന പൗരത്വ രജിസ്റ്റര്‍ പുതുക്കലിലാണ് 19  ലക്ഷം പേര്‍ പുറത്തായത്. എന്നാല്‍ ഈ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ അഞ്ചോ ആറോ ലക്ഷം പേര്‍ മാത്രമേ എന്‍ ആര്‍ സിയില്‍ നിന്നും പുറത്താകുകയുള്ളു എന്നാണ് അസം ധനമന്ത്രി  ബിശ്വാസ് ശര്‍മയുടെ അഭിപ്രായം. അദ്വാനി മുതല്‍ ഷാ വരെയുള്ള ബിജെപി നേതാക്കള്‍ ഈ പ്രശ്നത്തില്‍ വളരെ  വാചാലരാകുകയും അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് നാടുകടത്തണമെന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ പട്ടികയില്‍ നിന്നും പുറത്താകുന്നവരെ നാടുകടത്താനുള്ള ഉദ്ദേശമൊന്നുമില്ലെന്നു കേന്ദ്രത്തിലെ ബിജെപി ഗവണ്മെന്റ് രണ്ടുതവണയെങ്കിലും സൂചിപ്പിച്ചിട്ടുണ്ട്.

2018 ഓഗസ്റ്റ് 4നു ആഭ്യന്തരമന്ത്രിയായിരുന്ന രാജ്നാഥ് സിങ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാനുമായി നടത്തിയ സംഭാഷണത്തില്‍ രജിസ്റ്ററില്‍ പെടാത്തവരെ നാടുകടത്താനുള്ള ആലോചനയൊന്നുമില്ലെന്നും ഉഭയകക്ഷി ബന്ധങ്ങള്‍ വഷളാകുന്നത് തടയുമെന്നും പറഞ്ഞിരുന്നു. അടുത്തിടെ ധാക്കയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ എന്‍ആര്‍സി ഒരു ആഭ്യന്തര കാര്യമാണെന്ന് വിദേശമന്ത്രി എസ്. ജയശങ്കറും പറഞ്ഞു. നാടുകടത്താനുള്ള പരിപാടിയൊന്നും ഇല്ലെന്നുള്ള സൂചനയാണ് അദ്ദേഹവും നല്‍കിയത്. എന്നാല്‍ പൗരത്വ പട്ടിക 'കടുത്ത നിരാശ' ഉളവാക്കിയതായി സംസ്ഥാന ബിജെപി കേന്ദ്രങ്ങള്‍ പറഞ്ഞു.

Other News