അയോധ്യ ഭൂമി കേസ് അന്തിമ വാദം തുടങ്ങി :   തത്സമയ വെബ് കാസ്റ്റിഗ് എന്ന ആര്‍എസ് എസ് ആവശ്യം തള്ളി


AUGUST 6, 2019, 12:57 PM IST

ന്യൂഡല്‍ഹി:  സുപ്രീംകോടതിയില്‍ അന്തിമവാദം ആരംഭിച്ച അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ കോടതി നടപടികള്‍ തത്സമയ വെബ്കാസ്റ്റിംഗ് നടത്തണമെന്ന ആര്‍എസ്എസിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് തള്ളി.നിര്‍മോഹി അഖാഡയ്ക്ക് വേണ്ടി സുശീല്‍ ജെയിന്റേതായിരുന്നു ആദ്യ വാദം. അയോധ്യയിലെ ഭൂമി അറിയപ്പെടുന്നത് തന്നെ റാം ജന്മസ്ഥാന്‍ എന്നാണ്. തര്‍ക്കഭൂമി 100 വര്‍ഷമായി തങ്ങളുടെ കൈവശമാണെന്നും നടുമുറ്റത്തിന്റെ കൈവശാവകാശം വേണമെന്നാണ് മുഖ്യ ആവശ്യമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇപ്പോഴത് കോടതി നിയോഗിച്ച റിസീവറുടെ ഭരണത്തിലാണെന്നും രാമജന്മഭൂമി എല്ലായ്പ്പോഴും അവിടെ പൂജ നടത്തുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.വിപുലമായ വാദത്തിനാണ് സുപ്രീംകോടതി ഇന്ന് തുടക്കമിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലുള്ളത്. തങ്ങളുടെ ഭാഗം വാദിക്കാന്‍ ഇരുപത് ദിവസമെങ്കിലും ആവശ്യമാണെന്നാണ് പ്രധാന കക്ഷികളില്‍ ഒന്നായ സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം. അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കാനാണ് കോടതി തീരുമാനം. എങ്കിലും വാദം കേള്‍ക്കല്‍ അവസാനിക്കാന്‍ മാസങ്ങള്‍ എടുത്തേക്കും.

Other News