ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്കി. ജംഇയ്യത്തുല്‍ ഉലമെ ഹിന്ദ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പള്ളി തകര്‍ത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും പള്ളി നിര്‍മിക്കാന്‍ സ്ഥലം നല്കിയ തീരുമാനം പുനപരിശോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
1934 ല്‍ ബാബറി മസ്ജിദിന്റെ മകുടങ്ങള്‍ തകര്‍ത്തതും 1949 ല്‍ പള്ളിക്കുള്ളില്‍ രാമ വിഗ്രഹങ്ങള്‍ കൊണ്ടു വെച്ചതും 1992 ല്‍ പള്ളി തകര്‍ത്തതും തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദം നല്‍കിയത് തെറ്റാണ്.
പള്ളി നിര്‍മിക്കാന്‍ പകരം അഞ്ചേക്കര്‍ ഭൂമി വേണമെന്ന് ഒരു മുസ്ലീം സംഘടനയും കോടതിയില്‍ ഉന്നയിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. കോടതിക്ക് മുന്നിലില്ലാത്ത ഒരു ആവശ്യത്തില്‍ എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. പുന:പരിശോധനാ ഹര്‍ജി നല്‍കാനുള്ള അവകാശം കോടതി നല്‍കിയിട്ടുണ്ടെന്നും അതു കൊണ്ട് തന്നെ ഹര്‍ജി നല്‍കേണ്ടതുണ്ടെന്നും ജംഇയ്യത്തുല്‍ ഉലമെ ഹിന്ദ്അധ്യക്ഷന് മൗലാന അര്‍ഷാദ് മദനി അറിയിച്ചു.
ജംഇയ്യത്തുല്‍ ഉലമെ ഹിന്ദിനു പുറമെ മറ്റു ചില സംഘടനകളും അടുത്ത ദിവസങ്ങളില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.