ബി ജെ പിയോടും രാഷ്ട്രീയത്തോടും വിട പറഞ്ഞ് ബാബുല്‍ സുപ്രിയോ എം പി


JULY 31, 2021, 8:41 PM IST

ന്യൂഡല്‍ഹി: ബി ജെ പി പാര്‍ലമെന്റ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയവും എം പി സ്ഥാനവും ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകില്ലെന്നും അദ്ദേഹം അറിയിച്ചു. മാതാപിതാക്കളോടും ഭാര്യയോടും സുഹൃത്തുക്കളോടുമെല്ലാം ഇക്കാര്യം സംസാരിച്ചതായും അവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചതിന് ശേഷമാണ് രാജി തീരുമാനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ്, ടി എം സി, സി പി എം തുടങ്ങി ആരും താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും എവിടേയും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താനൊരു ടീം പ്ലയറാണെന്നും ഒറ്റ ടീമിനെ മാത്രമേ ഇക്കാലമത്രയും പിന്തുണച്ചിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ ബഗാനാണ് തന്റെ ടീമെന്നും അതുപോലെ പശ്ചിമ ബംഗാളിലെ ബി ജെ പിയാണ് തന്റെ പാര്‍ട്ടിയെന്നും വിശദീകരിച്ച അദ്ദേഹം രാഷ്ട്രീയം വിടുന്നു എന്നുകൂടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ഇക്കാലത്തിനിടയില്‍ താന്‍ പലരേയും സഹായിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും നിരാശപ്പെടുത്തിയോ എന്നറിയില്ലെന്നും അത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ സേവനം നിര്‍വഹിക്കാന്‍ രാഷ്ട്രീയമില്ലാതെയും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരു മാസത്തിനകം തനിക്ക് സര്‍ക്കാര്‍ അനുവദിച്ച വസതി ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭാ പുനഃസംഘടന നടത്തിയപ്പോള്‍ ബാബുല്‍ സുപ്രിയോയെ ഒഴിവാക്കിയിരുന്നു. 2014 മുതല്‍ മോദി മന്ത്രിസഭയില്‍ പല വകുപ്പുകളിലായി ബാബുല്‍ സുപ്രിയോ സ്ഥാനം വഹിച്ചിരുന്നു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും ബംഗാള്‍ ബി ജെ പി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയുമാണ് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറാനുള്ള കാരണമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. 

തന്റെ മനസ്സിലുയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചതിന് ശേഷമാണ് താന്‍ രാജിക്ക് തയ്യാറായതെന്നും ബാബുല്‍ പറയുന്നു. 

രാഷ്ട്രീയം ഉപേക്ഷിക്കുന്നതിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതുമായി ബന്ധമുണ്ടോ എന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചാല്‍ ഒരു പരിധിവരെ ശരിയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം മുതല്‍ സംസ്ഥാന നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

Other News