ഇസ്‌ലാമിന് മുമ്പേ സ്ത്രീകള്‍ തല മറക്കുന്നുണ്ട്; ഹിജാബ് നിരോധനത്തിനെതിരെ സിഖ് യുവതി കോടതിയില്‍


OCTOBER 1, 2022, 4:27 PM IST

ന്യൂദല്‍ഹി- കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ വിമര്‍ശനവുമായി സിഖ് യുവതി രംഗത്ത്. 46കാരിയായ ചരണ്‍ജീത് കൗര്‍ ആണ് രംഗത്തെത്തിയത്. സുപ്രിം കോടതിയില്‍ ഹിജാബ് നിരോധനത്തിനെതിരെ ഹര്‍ജി നല്‍കിയ 23 പേരില്‍ കൗര്‍ മാത്രമാണ് ഏക അമുസ്‌ലിം. 

സെപ്തംബര്‍ 22ന് വാദം കേട്ട സുപ്രിം കോടതി വിധി പറയല്‍ തല്‍ക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. 'ഞാന്‍ ഈ തലപ്പാവ് ധരിക്കും, ആരും എന്നെ തടയുന്നില്ല, ചോദ്യം ചെയ്യുന്നില്ല. ആരെങ്കിലും എന്നെ തടഞ്ഞാല്‍ ഞാന്‍ അവരെ നേരിടും. എന്റെ തലപ്പാവ് ചോദ്യം ചെയ്യപ്പെടുന്നത് എനിക്ക് സഹിക്കാന്‍ സാധിക്കില്ല' പിന്നെ എന്തിനാണ് മുസ്‌ലിം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കുന്നതെന്നും ചരണ്‍ജീത് കൗര്‍ ആഞ്ഞടിച്ചു. ഹിജാബ് ധരിക്കുന്നതുവഴി സമൂഹത്തിന്റെ ഐക്യം നഷ്ട്ടപ്പെടുന്നില്ലെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി കൗര്‍ പറഞ്ഞു. 

ഇന്ത്യയിലെ സ്ത്രീകള്‍ ജോലിയിലേര്‍പ്പെടുമ്പോഴോ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോഴോ തല മറയ്ക്കുകയോ സിന്ദൂരം തൊടുകയോ ചെയ്യുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഒരിക്കലും അവരോട് അങ്ങനെ ധരിക്കരുതെന്നും അവ എടുത്ത് കളയണമെന്നോ പറയാറില്ല. പിന്നെ എന്തിനാണ് മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് വിലക്കേര്‍പ്പെടുത്തുന്നത്. അവര്‍ തിരഞ്ഞെടുത്ത വസ്ത്രം അവര്‍ ധരിക്കുന്നു. അതവരുടെ കാര്യം. അവര്‍ ആരെയും വേദനിപ്പിക്കുന്നില്ലല്ലോ എന്ന് കൗര്‍ പ്രതികരിച്ചു. 

കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് വിലക്ക് സുപ്രിം കോടതി ശരിവച്ചാല്‍ തന്റെ ജീവിതത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടത് സാമൂഹ്യ ബാധ്യതയായി കണക്കാക്കിയാണ് സുപ്രിം കോടതിയെ സമീപിച്ചതെന്നും കൗര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2007ല്‍ അമൃത് സഞ്ചാര്‍ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം താന്‍ സ്ഥിരമായി തലപ്പാവ് ധരിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തല മറയ്ക്കുന്ന സമ്പ്രദായത്തിന് പാരമ്പര്യത്തിന്റെ പഴക്കമുണ്ടെന്നും ഇ്‌സ്‌ലാമിന്റെ ആരംഭത്തിന് മുന്‍പ് തന്നെ ഇത് പ്രചാരത്തില്‍ ഉളളതായും കൗര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ ഭാട്ടീല്‍ സാരിയുടെ തുമ്പ് എപ്പോഴും തലയിലിടുന്നത് ഇതിന് ഉദാഹരണമാണെന്ന് അവര്‍ പറഞ്ഞു. ഹരിയാനയിലെ കൈതല്‍ സ്വദേശിനിയാണ് ചരണ്‍ ജീത് കൗര്‍. സിഖ് മത വിശ്വാസിയായ ഇവര്‍ മികച്ച കര്‍ഷകയും ഗ്രാമത്തിലെ പ്രധാന ആശാ പ്രവര്‍ത്തകയുമാണ്.

Other News