കൊല്‍ക്കത്ത: ബംഗാളിലെ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറായ അരിന്ദാം മുഖര്‍ജി പറയുന്നതനുസരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി അമാനുഷിക ശക്തിയുള്ള ദേവിയാണ്! ദീദിയുടെ ഫോട്ടോയില്‍ നോക്കി കുറച്ചുനേരം ചെലവഴിച്ചാല്‍ അസാധാരണമായ ഒരു ഊര്‍ജ്ജം വന്ന് നിറയുമെന്നും ഇതോടെ എന്തും തരണം ചെയ്യാനുള്ള ശക്തി ലഭ്യമാകുമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ വീടും പുരയിടവും നഷ്ടപ്പെട്ടവര്‍ക്ക് റിലീഫ് കിറ്റ് നല്കുന്ന ചടങ്ങിലാണ് അരിന്ദാം മുഖര്‍ജി ഇക്കാര്യം വെളിപെടുത്തിയത്. എന്നാല്‍ ബ്ലോക്ക് ഓഫീസറുടെ മമത സ്തുതി പ്രതിപക്ഷത്തിന് അത്ര പിടിച്ചില്ല. മുഖസ്തുതിയുടെ അങ്ങേയറ്റമാണ് ബ്ലോക്ക് ഓഫീസറുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നതെന്നും മമതയെ പ്രസാദിപ്പിക്കാനാണ് ശ്രമമെന്നും ബി.ജെ.പി ആരോപിച്ചു.
സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ മേല്‍ ഭരണവര്‍ഗത്തിന്റെ രഹസ്യചരടുകളുണ്ടെന്നും കസേര തെറിക്കാതിരിക്കാന്‍ ഇവര്‍ ഭരണവര്‍ഗത്തെ വെള്ളപൂശാനിറങ്ങിയിരിക്കയാണെന്നും ഇത് സംബന്ധിച്ചുള്ള പ്രസ്താവനയില്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ജോയ്പ്രകാശ് മജുംദാര്‍ പറയുന്നു. നിഷ്പക്ഷമായി പെരുമാറേണ്ടവര്‍ ഇങ്ങിനെ പക്ഷം ചേരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ടാര്‍പാളിന്‍ ഷീറ്റ്,രണ്ട് സാരികള്‍,ലുങ്കി,ധോത്തി,കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍,സംസ്ക്കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സ്റ്റൗ,പാത്രങ്ങള്‍, ദൈനംദിനാവശ്യങ്ങള്‍ക്കുള്ള മറ്റുപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ കിറ്റാണ് സംസ്ഥാനസര്‍ക്കാറിന്റെ ദുരിതാശ്വാസസഹായമായി വിതരണം ചെയ്തത്. കിറ്റ് കൈയ്യില്‍ കിട്ടിയതോടെ അരിന്ദാം മുഖര്‍ജിയുടെ വാക്കുകള്‍ ശരിയാണെന്ന് തീര്‍പ്പിലേയ്ക്ക് ദുരിതത്തിനിരയായവര് എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.