ന്യൂഡല്‍ഹി: പൗരന്മാരുടെ തിരിച്ചറിയലിനായുള്ള ആധികാരിക രേഖയായി ആധാര്‍ പരിഗണിക്കപ്പെടുമ്പോള്‍ ഭൂമി സംബന്ധമായ രേഖകള്‍ ഡിജിറ്റല്‍വത്കരിക്കാന്‍ കേന്ദ്രം പദ്ധതി ഒരുക്കുന്നു. ഭൂമിയുടെ തിരിച്ചറിയല്‍ രേഖയായ ഭൂ ആധാര്‍ ഏര്‍പ്പെടുത്താനാണ് നീക്കം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഭൂ-ആധാറിന് (Bhu-Aadhaar), രാജ്യത്തെ ഭരണ നിര്‍വഹണത്തെ ഉഴുതു മറിക്കാന്‍ കഴിയുമെന്ന് ഗ്രാമ വികസനം & പഞ്ചായത്ത് രാജ് മന്ത്രിയായ ഗിരിരാജ് സിംഗ് പറഞ്ഞു. ഇന്ത്യയില്‍ ഭൂ-ആധാര്‍ ഉപയോഗപ്പെടുത്തിയുള്ള ഡിജിറ്റല്‍വത്കരണവും ഭൂമി പ്രമാണീകരിക്കലും എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഭൂ-ആധാര്‍ അഥവാ യൂണിക് ലാന്‍ഡ് പാര്‍സല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ULPIN) പദ്ധതി നടപ്പിലാകുന്നതോടെ, ഭൂമി ഇടപാടുകളില്‍ സുതാര്യത വരികയും സാമ്പത്തികമായും സാമൂഹികപരവുമായ മുന്നേറ്റത്തോടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കഴിയുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോഡ്‌സ് മോഡണൈസേഷന്‍ പ്രോഗ്രാം (DILRMP) എന്ന പദ്ധതിയുടെ ഭാഗമായി ഭൂ വിഭവ വകുപ്പ് നടപ്പാക്കുന്ന ഭൂ-ആധാര്‍ അഥവാ യുഎല്‍പിഐഎന്‍, ഭൂ ഉടമകളുടെ ലോകത്തെ ഏറ്റവും വലിയ വിവരശേഖരമായിരിക്കും (database) എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട രേഖകളും രജിസ്‌ട്രേഷനും ഡിജിറ്റല്‍വത്കരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍, കോടതികളില്‍ കുന്നുകൂടിയ നൂറുകണക്കിന് വസ്തു സംബന്ധമായ വ്യവഹാരങ്ങളിലെ തുടര്‍ നടപടികളും വേഗത്തിലാകുമെന്നും ഗിരിരാജ് സിംഗ് ചൂണ്ടിക്കാട്ടി. നിലവിലെ പഠനങ്ങള്‍ പ്രകാരം, രാജ്യത്തെ നിയമ വ്യവഹാരങ്ങളില്‍ 66 ശതമാനവും വസ്തുവും ഭൂമി സംബന്ധവുമായ തര്‍ക്കങ്ങളാണ്. ഇത്തരം കേസുകള്‍ മുടങ്ങിക്കിടക്കുന്നതിലെ ശരാശരി സമയം 20 വര്‍ഷത്തോളമാണ്. ഭൂമി സംബന്ധമായ തര്‍ക്കത്തില്‍ കുരുങ്ങി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ കാരണം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) 1.3 ശതമാനം നഷ്ടം സംഭവിക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്തെ 94 ശതമാനം ഭൂമി രജിസ്‌ട്രേഷനും കംപ്യൂട്ടര്‍വത്കരിച്ചതായും 9 കോടി വസ്തുവിന് ഭൂ-ആധാര്‍ നല്‍കിക്കഴിഞ്ഞതായും ഭൂ വിഭവ വകുപ്പ് സെക്രട്ടറി അജയ് ടിര്‍ക്കി പറഞ്ഞു. അധികം വൈകാതെ തന്നെ ഈ രേഖകള്‍ രാജ്യത്തെ 22 തദ്ദേശീയ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ 5 ട്രില്യന്‍ ഡോളര്‍ സമ്പദ്ഘടന സാക്ഷാത്കരിക്കുന്നതിലേക്കും പൗര കേന്ദ്രീകൃത ഭരണ നിര്‍വഹണ നടപടികള്‍ സഹായിക്കുമെന്നും അജയ് ടിര്‍ക്കി പറഞ്ഞു.
ഭൂ-ആധാര്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൂട്ടിയിണക്കുന്നതോടെ ദേശീയ സമ്പദ്ഘടന്ക്ക് കൂടുതല്‍ നേട്ടം ലഭിക്കും. സമൂഹിക രംഗത്തും അടിസ്ഥാന സൗക്യ വികസനം, ഊര്‍ജം മുതല്‍ പ്രതിരോധ, ബഹിരാകാശ മേഖലയില്‍ വരെ നേട്ടങ്ങള്‍ സംഭാവന ചെയ്യാന്‍ ഭൂ-ആധാറിന് കഴിയുമെന്ന് അജയ് ടിര്‍ക്കി ചൂണ്ടിക്കാട്ടി. അതുപോലെ അഗ്രിസ്റ്റാക്, ചുരുങ്ങിയ താങ്ങുവില പദ്ധതി, ഗതിശക്തി പദ്ധതി, ഭൂമി ഏറ്റെടുക്കല്‍ പദ്ധതി, ഊര്‍ജ പദ്ധതികള്‍, ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ സേവനങ്ങളിലുമൊക്കെ ഗുണഫലം കൊണ്ടുവരാന്‍ ഭൂ-ആധാറിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.