ഷിംല: കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് താക്കൂറിന്റെ ജില്ലയില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങി ബി ജെ പി. സ്വന്തം ജില്ലയായ ഹാമിര്‍പുറില്‍ ഉള്‍പ്പെടുന്ന അഞ്ചോളം മണ്ഡലങ്ങളിലാണ് ബി ജെ പിക്ക് തിരിച്ചടിയേറ്റത്. സുജന്‍പുര്‍, ഭോരാഞ്ച്, ഹാമിര്‍പുര്‍, ബര്‍സാര്‍, നദൗന്‍ മണ്ഡലങ്ങളിലാണ് ബി ജെ പി തോറ്റത്.
കോണ്‍ഗ്രസിന്റെ രജീന്ദര്‍ സിങ്ങ് 399 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുജന്‍പൂര്‍ മണ്ഡലത്തില്‍ വിജയിച്ചത്. ബി ജെ പി സ്ഥാനാര്‍ഥിയായ രജ്ഞിത് സിങ്ങ് റാണയെയാണ് പരാജയപ്പെടുത്തിയത്. അനുരാഗ് താക്കൂറിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ പ്രേം കുമാര്‍ ധുമല്‍ മുന്‍പ് മത്സരിച്ചു ജയിച്ച മണ്ഡലം കൂടിയായിരുന്നു സുജന്‍പുര്‍. ഇക്കുറി ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ധുമല്‍ മത്സരരംഗത്തുണ്ടായില്ല.
സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 60 വോട്ടുകള്‍ക്കാണ് ഭോരാഞ്ച് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചത്. ബി ജെ പിയുടെ ഡോ. അനില്‍ ധിമാനെയാണ് പരാജയപ്പെടുത്തിയത്. അതേസമയം ഹാമിര്‍പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതന് ആശിഷ് ശര്‍മ്മയാണ് വിജയിച്ചത്. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച ഇദ്ദേഹം ബി ജെ പിയുടെ നരീന്ദര്‍ താക്കൂറിനെയാണ് പരാജയപ്പെടുത്തിയത്.
ബര്‍സാര്‍ മണ്ഡലത്തില്‍ ബി ജെ പിയുടെ മായാ ശര്‍മയെയാണ് കോണ്‍ഗ്രസിന്റെ ഇന്ദര്‍ ദത്ത് ലഖന്പാല് പരാജയപ്പെടുത്തിയത്. നദൗന്‍ മണ്ഡലത്തില്‍ ബി ജെ പിയുടെ വിജയ്കുമാറിനെ കോണ്‍ഗ്രസിന്റെ സുഖ്വിന്ദര് സിങ്ങാണ് പരാജയപ്പെടുത്തിയത്. അനുരാഗ് താക്കൂര്പക്ഷം, ജെ പി നദ്ദപക്ഷം, ജയ്റാം ഠാക്കൂര്പക്ഷം എന്നിങ്ങനെ ഹിമാചല്‍ പ്രദേശ് ബി ജെ പിയില്‍ മൂന്നുപക്ഷങ്ങളാണുള്ളത്. ഹാമിര്‍പുര്‍ ജില്ലയിലെ പരാജയത്തിന് പിന്നാലെ അനുരാഗ് ഠാക്കൂറിനെതിരെ ബി ജെ പി അനുഭാവികളില്‍ നിന്ന് വലിയ വിമര്‍ശനമാണുയരുന്നത്.