രാജ്യത്തിന്റെ മുഖ്യ ലക്ഷ്യങ്ങളും ബിജെപി അജണ്ടയും പിണങ്ങുന്നു 


NOVEMBER 8, 2019, 2:23 PM IST

2014ല്‍ പ്രധാനമന്ത്രിയായതിനുശേഷം അധികം വൈകാതെ നരേന്ദ്ര മോഡി ഒരു പ്രഖ്യാപനം നടത്തി. ഇന്ത്യയെ 20  ട്രില്യണ്‍ ഡോളറിന്റെ ഒരു സമ്പദ്ഘടനയാക്കി  മാറ്റുകയാണ് തന്റെ സ്വപ്‌നം എന്നായിരുന്നു ആ പ്രഖ്യാപനം. മോഡിയുടെ സ്വപ്‌നം സാമ്പത്തിക വിദഗ്ധര്‍ സ്വാഗതം ചെയ്തുവെങ്കിലും അതിനു ഏറെ സാഹസപ്പെടേണ്ടിവരുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.

അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍  അതിലും ഏറെ പരിമിതമായ ഒരു ലക്ഷ്യമാണ് മോഡി അവതരിപ്പിച്ചത്. 2024 ആകുമ്പോഴേക്കും 5 ട്രില്യണ്‍ ഡോളറിന്റെ ഒരു സമ്പദ്ഘടനയാക്കി ഇന്ത്യയെ മാറ്റുമെന്നതാണത്. ആ സമയമാകുമ്പോഴേക്ക് ഇന്ത്യയ്ക്ക് എത്ര മാത്രം വളര്‍ച്ച നേടാനാവുമെന്ന ഐഎംഎഫിന്റെ കണക്കുകൂട്ടലിലും അല്പം മാത്രം വ്യത്യസ്തമായിരുന്നു അത്. എന്നാല്‍ ഇക്കുറി ഇന്ത്യ ആ ലക്ഷ്യത്തിലെത്തുമോയെന്നതില്‍ സാമ്പത്തിക വിദഗ്ധര്‍ ഏറെയും സംശയം പ്രകടിപ്പിക്കുകയാണ്.

മോഡിയുടെ ഭരണത്തില്‍ അര്‍പ്പിച്ചിരുന്ന പ്രതീക്ഷകള്‍ എത്രത്തോളം മങ്ങിപ്പോയിരിക്കുന്നുവെന്നാണ് ഈ രണ്ടു ലക്ഷ്യങ്ങളും അവയോടുള്ള പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധമുള്ള വളര്‍ച്ചയും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തു കൊണ്ടാണ് ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളത്തില്‍ മോഡി പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം നിക്ഷേപങ്ങള്‍ തകരുകയും കുഴഞ്ഞുമറിഞ്ഞു കിടന്ന അവസ്ഥയിലായിരുന്ന സമ്പദ്ഘടന അന്തമില്ലാത്ത ചെളിക്കുണ്ടില്‍ ആണ്ടുപോയ അവസ്ഥയിലുമാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാകുകയും തൊഴിലവസരങ്ങള്‍ കുറയുകയും ചെയ്തു.

കഴിഞ്ഞ 5 ക്വാര്‍ട്ടറുകളിലായി സാമ്പത്തിക വളര്‍ച്ച കുറയുകയായിരുന്നു. സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറിലും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ഭരണ മാതൃകയിലുണ്ടായിട്ടുള്ള മുഖ്യ വൈരുധ്യം എങ്ങനെ പരിഹരിക്കാന്‍ മോഡിക്കും സംഘത്തിനും കഴിയുമെന്നതിനെയാണ്  ഭാവിയിലെ വളര്‍ച്ചയും തൊഴിലവസര സൃഷ്ടിയും ആശ്രയിച്ചിരിക്കുന്നത്. ഭരണകക്ഷിയുടെ രണ്ടു മുഖ്യ ലക്ഷ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിലാണ്. അതിവേഗതയിലുള്ള സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചക്കുള്ള ആഗ്രഹമാണ് ഒരു ഭാഗത്ത്. അതിനെ മുക്കിക്കളയുന്ന വിധമാണ് അതിവേഗതയിലുള്ളതും  സുസ്ഥിരവുമായ രാഷ്ട്രീയ വളര്‍ച്ചയ്ക്കുള്ള ബിജെപിയുടെ ആഗ്രഹം.

സാമൂഹ്യമായ അടിത്തറ വിപുലമാക്കിയെന്നതു കൊണ്ടാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ബിജെപിക്ക് രാഷ്ട്രീയ വളര്‍ച്ചയുണ്ടായത്. 'ബ്രാഹ്മണ-ബന്യ' പാര്‍ട്ടി എന്ന പേരുദോഷം മാറ്റി വര്‍ഗ-ജാതി വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പാര്‍ട്ടി വിജയിക്കുകയും ചെയ്തു. ദരിദ്രരും അധസ്ഥിതരുമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ വോട്ടു വിഹിതം വര്‍ദ്ധിക്കുന്നത് 2014ലെ തെരഞ്ഞെടുപ്പില്‍ പ്രകടമായി. അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഫലങ്ങളാണ് 2019ല്‍ ദൃശ്യമായത്.

സമ്പന്നരുടെയും ദരിദ്രരുടെയും മണ്ഡലങ്ങളില്‍ പാര്‍ട്ടി നേട്ടമുണ്ടാക്കി. എന്നാല്‍ ദരിദ്രരുടെ വിഭാഗങ്ങളിലാണ്   കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്നാണ് സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നത്.  സിഖ്, മുസ്ലിം മതന്യുനപക്ഷ വിഭാഗങ്ങളിലൊഴികെ മറ്റെല്ലാ സാമൂഹ്യ വിഭാഗങ്ങളിലും ബിജെപി അതിന്റെ വോട്ടു വിഹിതം വര്‍ദ്ധിപ്പിച്ചതായാണ് ലോക് നീതി-സി എസ് ഡി എസ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്.

എന്നാല്‍ സാമൂഹ്യമായ അടിത്തറ വികസിപ്പിക്കുന്നതിന് അതിന്റേതായ വിലയും നല്‍കേണ്ടിവരുന്നു. 'മിനിമം ഗവണ്മെന്റ്, പരമാവധി ഭരണം' എന്ന മുദ്രാവാക്യവുമായാണ് 2014ല്‍ ബിജെപി അധികാരത്തിലേറിയത്. വിഭവ സമാഹരണത്തില്‍ എല്ലാ ശ്രദ്ധയും  കേന്ദ്രീകരിച്ച ആദ്യ മോഡി സര്‍ക്കാര്‍ കുറഞ്ഞ നികുതിയും ജി ഡി പിയും തമ്മിലുള്ള അനുപാതം ശരിയാക്കുന്നതിനാണ് ഊന്നല്‍ നല്‍കിയത്.

ഇന്ത്യക്കാര്‍ വേണ്ടത്ര നികുതി നല്‍കുന്നവരല്ല എന്ന പ്രചാരണം വ്യാപകമാക്കി. കേന്ദ്രത്തിനു കൂടുതല്‍ നികുതികള്‍ ചുമത്തുന്നതിനുള്ള ഒരു ന്യായീകരണം ഒരുക്കുകയായിരുന്നു.

ഇതേ കാരണം പറഞ്ഞ് സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ലാത്ത സെസ്സുകളും സര്‍ചാര്‍ജുകളും ചുമത്തി. മോഡി ഗവണ്മെന്റ് സ്വീകരിച്ച പല പ്രധാന നയങ്ങള്‍ക്കും ഒരേ ലക്ഷ്യമാണുണ്ടായിരുന്നത്: പരമാവധി നികുതി സംഭരിക്കുക. നോട്ടു നിരോധനത്തെയും ജിഎഎസ്  ടി  നടപ്പാക്കലിനെയും ന്യായീകരിക്കാന്‍ ഉന്നയിച്ച കാരണവും അതുതന്നെയാണ്. ആദ്യത്തേത് വരുമാനം ഉണ്ടാക്കുന്നതില്‍ പാടെ പരാജയപ്പെട്ടുവെങ്കില്‍ രണ്ടാമത്തേതിന്റെ ആവിഷ്‌ക്കാരം, നടത്തിപ്പ് എന്നിവയില്‍ പാളിച്ചകളുണ്ടായി.

വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിഷ്‌ക്കാരങ്ങള്‍ പരാജയപ്പെട്ടത് പ്രതിഫലിച്ചത് വര്‍ധിച്ചു വരുന്ന ധനക്കമ്മിയിലാണ്. പുതിയ കണക്കുകള്‍ 'സൃഷ്ടിക്കുന്നതി' ലൂടെയാണ് ഗവണ്മെന്റ് പിടിച്ചു നില്‍ക്കുന്നത്. കണക്കുകളില്‍ കാണിച്ചിട്ടുള്ള ക്രമീകരണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ 2017 സാമ്പത്തിക വര്‍ഷം മുതല്‍ക്കെങ്കിലും  ഇന്ത്യയുടെ ധനക്കമ്മി വലിയ തോതില്‍ വര്‍ദ്ധിച്ചതായി കാണാം.

2019ലെ ലോക് സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ച പരാജയത്തെതുടര്‍ന്ന് ധനക്കമ്മി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്ന നടപടികളാണുണ്ടായത്. അതിന്റെ അനന്തര ഫലങ്ങളില്‍പ്പെട്ടുഴലുകയാണ് ഇന്ത്യന്‍ സമ്പദ്ഘടന. സാമ്പത്തിക മേഖലയില്‍ സ്വീകരിക്കുന്ന ചില നടപടികള്‍ വരുന്ന ക്വാര്‍ട്ടറുകളില്‍ ഇന്ത്യയുടെ സാമ്പത്തിക സൂചികകള്‍ ഉയര്‍ത്തിയേക്കുമെങ്കിലും പര്‍ട്ടിയുടെയും രാജ്യത്തിന്റെയും വളര്‍ച്ച തമ്മില്‍ മൗലികമായ ഭിന്നത നിലനില്‍ക്കുന്നതായി ബിജെപി മനസ്സിലാക്കാത്തിടത്തോളം കാലം സുസ്ഥിരമായ ഒരു വളര്‍ച്ച അസാധ്യമാണ്.

Other News