തെരഞ്ഞെടുപ്പിന് ബിജെപി ചെലവഴിച്ചത് 27000  കോടി രൂപ


JUNE 6, 2019, 12:03 PM IST

ലോക് സഭാ തെരെഞ്ഞെടുപ്പില്‍ ഭാരതീയ ജനത പാര്‍ട്ടി ചിലവഴിച്ചത് 27,000  കോടി രൂപ! ആകെ ചിലവഴിക്കപ്പെട്ട 60000 കോടി രൂപയുടെ 45 % വരുമിതെന്നാണ് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014ലെ തെരെഞ്ഞെടുപ്പില്‍ ചിലവഴിച്ചതിലും വളരെയേറെയാണിത്. 'ലോകത്തെവിടെയും നടന്നിട്ടുള്ളതില്‍ വെച്ചേറ്റവും ചിലവേറിയ തെരെഞ്ഞെടുപ്പ്' എന്നാണു 2019  ലെ തെരഞ്ഞെടുപ്പിനെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്.
ഇതാണ് സ്ഥിതിയെങ്കില്‍ 2024 ലെ തെരെഞ്ഞെടുപ്പിനു ഒരു ട്രില്യണ്‍ ഡോളറായിരിക്കും ചിലവെന്നു സി എം എസ് ചെയര്‍മാനായ എന്‍ ഭാസ്‌കര റാവു പറയുന്നു. വര്‍ദ്ധിച്ചുവരുന്ന തെരെഞ്ഞെടുപ്പ് ചിലവുകള്‍ തന്നെയാണ് അഴിമതിയുടെ ഉറവിടമെന്നും ഈ പ്രശ്നം പരിഹരിക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ അഴിമതി ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം  പറഞ്ഞു. നമ്മളെ ഭയപ്പെടുത്തും വിധമുള്ള തെരെഞ്ഞെടുപ്പ് ചിലവുകളാണുണ്ടാകുന്നത്. ജനാധിപത്യത്തെ ശക്തമാക്കാന്‍ തിരുത്തല്‍ നടപടികള്‍ ആവശ്യമായിരിക്കുന്നു.
1998ല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആകെ ചിലവഴിച്ചതിന്റെ 20% ആയിരുന്നു ബിജെപി ചിലവഴിച്ചത്. 2019 ആയപ്പോഴേക്ക് അത് 45% ആയി ഉയര്‍ന്നു. 2009ല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അകെ ചിലവഴിച്ചതിന്റെ 40% കോണ്‍ഗ്രസ് ചിലവഴിച്ചുവെങ്കില്‍ ഇക്കുറി അത് 15 -20 %  ആയി കുറഞ്ഞു.
ശേഖരിച്ച വിവരങ്ങള്‍, രംഗത്ത് നേരിട്ട് നടത്തിയ പഠനങ്ങള്‍, വിശകലനം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു വോട്ടര്‍ക്ക് 700  രൂപ എന്ന നിരക്കില്‍ ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും 100 കോടിയോളം രൂപ എല്ലാ പാര്‍ട്ടികളുടെതുമായി ചിലവഴിക്കപ്പെട്ടിട്ടുണ്ടാവും എന്നാണ്  റിപ്പോര്‍ട്ട് പറയുന്നത്. 12,000 കോടി മുതല്‍ 15,000  കോടി രൂപ വരെ വോട്ടര്‍മാര്‍ക്ക് നേരിട്ട് വിതരണം ചെയ്തതാണ്.
20,000  കോടി രൂപ മുതല്‍ 25,000  കോടി രൂപവരെ പ്രചാരണങ്ങള്‍ക്കായി ചിലവഴിച്ചു. 5,000 കോടിയോളം രൂപയുടെ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടാകും. ഔദ്യോഗികമായി സമര്‍പ്പിക്കുന്നത് 10,000  കോടി രൂപക്കും 12,000  കോടിക്കും   മധ്യേയുള്ള കണക്കായിരിക്കും.  3,000 കോടി മുതല്‍ 6,000  കോടി രൂപവരെ ചില്ലറ ചെലവുകളില്‍ ഉള്‍പ്പെടും.
2019ലെ തെരഞ്ഞെടുപ്പിനെ 'നിര്‍ണ്ണായക തെരെഞ്ഞെടുപ്പ്' എന്നാണു റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. പണം ഏറെയും നല്‍കുന്നത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ്.തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി  പൗരന്മാരും സമൂഹങ്ങളും സംഭാവന നല്‍കുന്ന ക്രൗഡ് ഫണ്ടിംഗ് ഇന്ന് ആവശ്യമില്ലാത്ത ഒന്നായി മാറിയിട്ടുണ്ടെന്നും അതില്‍ ചൂണ്ടിക്കാട്ടുന്നു

Other News