ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മുഖ്യ പ്രതി കീഴടങ്ങി. മണിപ്പൂരിലെ തൗബാല്‍ ജില്ലയിലാണ് സംഭവം. ബിജെപി സംസ്ഥാന ഘടകത്തിന്റെ എക്സ്-സര്‍വീസ്മെന്‍ സെല്‍ കണ്‍വീനറായ ലൈഷ്റാം രമേഷ്വര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ക്ഷേത്രി ലെയ്കൈ ഏരിയയിലെ അദ്ദേഹത്തിന്റെ വസതിയുടെ ഗേറ്റിന് സമീപമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
രജിസ്ട്രേഷന് നമ്പരില്ലാത്ത കാറില്‍ വന്ന രണ്ട് പേര് രാവിലെ 11 മണിയോടെ സിംഗിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ 50 കാരനായ ലൈഷ്റാം രമേഷ്വറിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം വാഹനം ഓടിച്ചിരുന്ന നൗറെം റിക്കി പോയിന്റിംഗ് സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് ഹവോബിജം ജോഗേഷ്ചന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബിഷ്ണുപൂര്‍ ജില്ലയിലെ കെയ്നൗ സ്വദേശിയായ ഡ്രൈവറെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഹവോബാം മാരക് ഏരിയയില്‍ വെച്ചാണ് പിടികൂടിയത്. 46 കാരനായ അയേക്പാം കെഷോര്‍ജിത്ത് എന്ന് തിരിച്ചറിഞ്ഞ പ്രധാന പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു, കൂടാതെ കീഴടങ്ങാന്‍ അഭ്യര്‍ത്ഥിച്ചു, അതേസമയം അദ്ദേഹത്തിന് അഭയം നല്‍കുന്നതിനെതിരെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്കി.
ഇതിനുശേഷം, പ്രധാന പ്രതി ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കമാന്‍ഡോ കോംപ്ലക്സില്‍ പോലീസിന് മുന്നിലെത്തി കീഴടങ്ങി. ഹവോബാം മറാക്ക് സ്വദേശിയാണ്. ഇയാളുടെ പക്കല്‍ നിന്ന് .32 കാലിബര്‍ ലൈസന്‍സുള്ള പിസ്റ്റള്‍, രണ്ട് മാഗസിനുകള്‍, ഒമ്പത് കാട്രിഡ്ജുകള്‍ എന്നിവ പിടിച്ചെടുത്തു. സംഭവസ്ഥലത്ത് നിന്ന് .32 കാലിബര്‍ ബുള്ളറ്റിന്റെ ഒഴിഞ്ഞ കേസും പിടിച്ചെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു.