നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജയിച്ച ബി ജെ പി എം പിമാര്‍ 14 ദിവസത്തിനകം സ്ഥാനം തീരുമാനിക്കണം


DECEMBER 3, 2023, 9:49 PM IST

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബി ജെ പി നടത്തിയ പുതിയ പരീക്ഷണം പല സീറ്റുകളിലും വീണ്ടും തെരഞ്ഞെടുപ്പിന് വഴിയൊരുക്കും. ഈ സംസ്ഥാനങ്ങളില്‍ മൂന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 21 പാര്‍ലമെന്റ് അംഗങ്ങളെയാണ് ബി ജെ പി മത്സരിപ്പിച്ചത്. ഇവരില്‍ വിജയിച്ചവര്‍ എം പിയായി തുടരണമോ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്യണമോ എന്ന കാര്യം തീരുമാനിക്കും. 14 ദിവസത്തിനുള്ളില്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരേണ്ടതുണ്ട്. 

എം പിയായി തുടരാന്‍ തീരുമാനിച്ചാല്‍ എം എല്‍ എമാരായി വിജയിച്ച നിയമസഭാ മണ്ഡലങ്ങളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. എം എല്‍ എമാരായി തുടരാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഇവരുടെ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. എന്നാല്‍ അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമോ എന്ന കാര്യവും പരിഗണിക്കപ്പെട്ടേക്കും. 

രാജസ്ഥാനിലും മധ്യപ്രദേശിലും ഏഴു വീതവും ഛത്തീസ്ഗഡില്‍ നാലും തെലങ്കാനയില്‍ മൂന്നും എം പിമാരാണ് മത്സരിച്ചത്. ഇവരില്‍ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, ഫഗ്ഗന്‍ സിംഗ് കുലസ്‌തെ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. 

ഏതെങ്കിലും ഒരു സീറ്റ് 14 ദിവസത്തിനകം വിട്ടുനല്‍കിയില്ലെങ്കില്‍ പാര്‍ലമെന്റ് അംഗത്വമായിരിക്കും നഷ്ടപ്പെടുക. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 101 (2) അനുസരിച്ച് ഒരു ലോക്‌സഭാംഗം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാല്‍ വിജ്ഞാപനം പുറപ്പെടുവിച്ച് 14 ദിവസത്തിനുള്ളില്‍ ഒരു സഭയില്‍ നിന്ന് രാജിവയ്ക്കണം.അതുപോലെ, ഒരു നിയമസഭയിലെ അംഗം ലോക്‌സഭയില്‍ അംഗമായാലും ഇതേ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ലോക്‌സഭാംഗത്വം സ്വയം അവസാനിക്കും.

ലോക്‌സഭാംഗവും രാജ്യസഭാംഗമായാലും  വിജ്ഞാപനം പുറപ്പെടുവിച്ച് 10 ദിവസത്തിനുള്ളില്‍ ഒരു സഭയില്‍ നിന്ന് രാജിവയ്ക്കണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 101 (1) ലും ജനപ്രതിനിധികളുടെ ജനപ്രതിനിധികളുടെ വകുപ്പ് 68 (1) ലും ഈ വ്യവസ്ഥയുണ്ട്.

അതേസമയം, ഒരാള്‍ രണ്ട് ലോക്‌സഭാ സീറ്റുകളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും രണ്ടിടത്തും വിജയിക്കുകയും ചെയ്താലും വിജ്ഞാപനം പുറപ്പെടുവിച്ച് 14 ദിവസത്തിനുള്ളില്‍ ഒരു സീറ്റില്‍ നിന്ന് രാജിവെക്കണം. 

ഫലപ്രഖ്യാപനത്തിന് ശേഷം വിജയിച്ച സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. ലോക്‌സഭാംഗമായിരിക്കെ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്യണമെങ്കില്‍ ലോക്‌സഭാ സ്പീക്കറെ അറിയിക്കണം. ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് രാജിവെച്ചിട്ടില്ലെങ്കില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് 14 ദിവസത്തിനുള്ളില്‍ അംഗത്വം സ്വയമേവ ഇല്ലാതാവുകയും ചെയ്യും.

Other News