107 എംഎല്‍എമാരുടെ പിന്തുണയുണ്ട്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം: ബിജെപി


JULY 9, 2019, 3:09 PM IST

ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ഉണ്ടെന്നവകാശപ്പെട്ട് ബിജെപി. എംഎല്‍എമാരുടെ എണ്ണം കണക്കാക്കി പുതിയസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള മാന്ത്രിക സംഖ്യ തങ്ങള്‍ക്കുണ്ടെന്ന് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അടുത്ത അനുയായിയുമായ ശോഭ കരന്തലജെയാണ് അവകാശപ്പെട്ടത്. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ വാജുഭായി വാലയ്ക്കു തീരുമാനമെടുക്കാമെന്നും അവര്‍ അഭിപ്രായപ്പട്ടു.

 ബിജെപിക്ക് 107 എല്‍എല്‍എമാരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 103 പേരെ ഉള്ളു. സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ക്ക് ബിജെപിയെ ക്ഷണിക്കാവുന്നതാണ് - ശോഭ പറഞ്ഞു.മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവയ്ക്കണമെന്ന് ബിജെപി നേതാവ് ബസവരാജ് ബൊമ്മയും ആവശ്യപ്പെട്ടു. സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മികമായി അവകാശമില്ല. എംഎല്‍എമാര്‍ സ്വന്തം ഇഷ്ടപ്രകാരം രാജിവച്ചതാണ്. മറ്റൊരു പാര്‍ട്ടിയിലും അവര്‍ അംഗമായിട്ടില്ല. ഈ സാഹചര്യത്തില്‍ കുമാരസ്വാമി രാജിവയ്ക്കണമെന്നും ബസവരാജ് പറഞ്ഞു.

Other News