കർണാടകയിൽ പുതിയ സർക്കാരുണ്ടാക്കാൻ ബിജെപി സമീപിച്ചുവെന്ന് കുമാരസ്വാമി


JULY 19, 2019, 3:03 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സഖ്യ തകര്‍ത്ത് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തന്‍രെ സഹകരണം തേടിയെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. അതിനു വഴങ്ങാത്തിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിമതരെ ഉപയോഗിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു. വിശ്വാസ വോട്ടിന്മേലുള്ള ചര്‍ച്ചയിലാണ് കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹമില്ല. ഉച്ചയ്ക്ക് വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിലപാട് അംഗീകരിക്കില്ലന്നും കുമാരസ്വാമി സഭയില്‍ പറഞ്ഞു. അതിനിടയില്‍ വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഗവര്‍ണര്‍ അനുവദിച്ച സമയം അവസാനിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ചര്‍ച്ച തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിശ്വാസ പ്രമേയത്തിന്മേല്‍ വ്യാഴാഴ്ച ആരംഭിച്ച ചര്‍ച്ച വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് താല്‍ക്കാലികമായി പരിഞ്ഞു. അതിനുശേഷം വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടരും. പിന്നീട് ശബ്ദവോട്ട് നടത്തുമെന്നു സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ അറിയിച്ചു. എന്നാല്‍ ചര്‍ച്ച തിങ്കളാഴ്ചയും തുടര്‍ന്നേക്കുമെന്നു കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം ഗവര്‍ണര്‍ നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് കര്‍ണാടക ചുമതലയുള്ള ഐഎസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ഭരണഘടന ദുരുപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസപ്രമേയത്തില്‍ എപ്പോള്‍ വോട്ടെടുപ്പ് നടത്തണമെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഗവര്‍ണര്‍ ഒരു സൂപ്പര്‍ പവറായി മാറി ബിജെപിയുടെ ഏജന്റ് കളിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Other News