കാണാതായ കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി


JULY 31, 2019, 10:07 AM IST

മംഗളൂരു: കാണാതായ കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ മൃതദേഹം നേതാവതി പുഴയില്‍ കണ്ടെത്തി. മംഗളൂരു ബോളാര്‍ ഹൊയ്‌ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മംഗളൂരു  കാസര്‍കോട് ദേശീയപാതയില്‍ നേത്രാവതിയിലെ പാലത്തില്‍ സിദ്ധാര്‍ഥയെ കണാതായത്. ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണയുടെ മരുമകനാണ്. തിങ്കളാഴ്ച വൈകിട്ട് മംഗലാപുരത്തിനു സമീപം നേത്രാവതി നദിക്കു കുറുകെയുള്ള പാലത്തിനടുത്ത് കാര്‍ നിറുത്തിച്ച് സിദ്ധാര്‍ത്ഥ ഇറങ്ങിപോയി എന്നാണ് ഡ്രൈവറുടെ മൊഴി. ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് ഡ്രൈവര്‍ പരിസരത്തെല്ലാം അന്വേഷണം നടത്തിയ ശേഷം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് നേത്രാവതി പുഴയില്‍ വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കഠിന പരിശ്രമം നടത്തിയിട്ടും ബിസിനസില്‍ പരാജയപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച് അദ്ദേഹം എഴുതിയതെന്നു കരുതുന്ന കത്ത് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, ഇതിലെ ഒപ്പിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല. ആദായനികുതി വകുപ്പിലെ മുന്‍ ഡയറക്ടര്‍ ജനറലില്‍നിന്ന് തനിക്ക് മാനസിക പീഡനമേറ്റിരുന്നുവെന്ന് വ്യക്തമാക്കുന്ന കത്താണ് സിദ്ധാര്‍ഥ ജീവനക്കാര്‍ക്ക് ഏഴുതിയിരുന്നത്. 2017 സെപ്റ്റംബറില്‍ സിദ്ധാര്‍ഥയുടെ മുംബൈ, ബെംഗളൂരു, ചെന്നൈ, ചിക്കമംഗളൂരു ഓഫിസുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു. 650 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം കഫെ കോഫി ഡേയ്ക്കുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഇതിനുപിന്നാലെ വെളിപ്പെടുത്തിയത്.

എസ്.എം.കൃഷ്ണയുടെ മൂത്തമകള്‍ മാളവികയാണ് സിദ്ധാര്‍ഥയുടെ ഭാര്യ. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്.

Other News