കോണ്‍ഗ്രസ് നേതാവിന് പൂച്ചെണ്ട് നല്‍കി; ഡിജിപിക്ക് സസ്‌പെന്‍ഷന്‍


DECEMBER 3, 2023, 10:11 PM IST

ഹൈദരബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തെലങ്കാന ഡിജിപി അഞ്ജനി കുമാറിനെതിരെ നടപടി സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചീഫ് സെക്രട്ടറി എ ശാന്തകുമാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു. 

മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുമായി അഞ്ജനി കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന പൊലീസ് നോഡല്‍ ഓഫീസറായ സഞ്ജയ് ജെയ്‌നും ഡിജിപിയോടൊപ്പമുണ്ടായിരുന്നു. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി എഎന്‍ഐ പങ്കുവെച്ചതിന് പിന്നാലെയാണ് നടപടി. 

പൊലീസ് മേധാവി കോണ്‍ഗ്രസ് നേതാവിന് പൂച്ചെണ്ട് നല്‍കുന്നത് വീഡിയോയിലുണ്ട്. തെലങ്കാന തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴായിരുന്നു ഈ നടപടി. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുകയായിരുന്നു. 

ഞായറാഴ്ച രാവിലെയാണ് സംസ്ഥാന പോലീസ് നോഡല്‍ ഓഫീസര്‍ സഞ്ജയ് ജെയിന്‍, നോഡല്‍ ഓഫീസര്‍ മഹേഷ് ഭഗവത് എന്നിവര്‍ക്കൊപ്പം ഡിജിപി ഹൈദരാബാദിലെത്തി രേവന്ത് റെഡ്ഡിയെ കണ്ടത്.

Other News