രണ്ട് മണിക്കൂറിനകം ഹാജരാകണം: ചിദംബരത്തിന്‍റെ വീട്ടിൽ അർധരാത്രി നോട്ടീസ് പതിച്ച് സി ബി ഐ


AUGUST 21, 2019, 1:02 AM IST

ന്യൂഡൽഹി:മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ വീട്ടിൽ അർധരാത്രി നോട്ടീസ് പതിച്ച് സി ബി ഐ. 'രണ്ട് മണിക്കൂറിനകം ഹാജരാകണം' എന്നാവശ്യപ്പെട്ടുള്ള നോട്ടീസാണ് ഡൽഹി ജോർബാഗിൽ ചിദംബരത്തിന്‍റെ വസതിയിൽ പതിച്ചത്. സിബിഐ ഡെപ്യൂട്ടി സൂപ്രണ്ട് ആർ  പാർത്ഥസാരഥിയുടെ മുൻപാകെ ആണ് ഹാജരാകേണ്ടത്.ഐ എൻ എക്സ് മീഡിയ അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ ചിദംബരം സുപ്രീംകോ‍ടതിയ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സി ബി ഐയുടെ നീക്കം. 

എന്നാൽ പി ചിദംബരം ഇപ്പോഴെവിടെയാണെന്ന് ആർക്കുമറിയില്ല. നിലവിൽ അദ്ദേഹം വീട്ടിലില്ലെന്നാണ് ലഭിക്കുന്ന മറുപടി.വൈകിട്ടോടെ സി ബി ഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയെങ്കിലും അവിടെയില്ലെന്ന് മറുപടി കിട്ടിയ ശേഷം മടങ്ങിയിരുന്നു.അതിന് പിന്നാലെ നാലംഗ എൻഫോഴ്‍സ്മെന്റ് സംഘം എത്തി.എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിനും ചിദംബരത്തെ കാണാന്‍ കഴിഞ്ഞില്ല.തുടർന്നാണ് സി ബി ഐ ചിദംബരത്തിന്റെ വീട്ടിൽ നോട്ടീസ് പതിച്ചത്.

ഹൈക്കോടതിയുടെ നടപടി നീതിപൂർവമോ, തെളിവുകൾ പരിശോധിച്ചുള്ളതോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള നിയമവിദഗ്‍ധരുടെ സംഘമാണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകുക. 

പി ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കുന്നതാണ് ഡൽഹി ഹൈക്കോടതിയുടെ വിധി. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ പല തവണ എൻഫോഴ്‍സ്മെന്‍റും സി ബി ഐയും ചോദ്യം ചെയ്തിരുന്നു. ഐ എൻ എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐ എൻ എക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്. 

അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്, 

എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെ രാഷ്ട്രീയകാരണങ്ങളാൽ ലക്ഷ്യമിടുകയാണെന്നും ചിദംബരം ആരോപിച്ചു. 

മുൻകൂർ ജാമ്യഹർജി തള്ളിക്കളഞ്ഞ ഡൽഹി ഹൈക്കോടതി ''നിരവധി'' രേഖകളാണ് ചിദംബരത്തിനെതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ, നേരത്തേ ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 ദിവസമാണ് കാർത്തിയെ സി ബി ഐ കസ്റ്റഡിയിൽ വച്ചത്.ദിവസവും മണിക്കൂറുകളോളം കാർത്തിയെ സി ബി ഐ ചോദ്യം ചെയ്യുകയുമുണ്ടായി.എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റും ഇതേ കേസിൽ കാർത്തിയെ പല വട്ടം ചോദ്യം ചെയ്തതാണ്. 

അഴിമതി നടക്കുന്ന കാലത്ത് ഐ എൻ എക്സ് മീഡിയ എന്ന ടെലിവിഷൻ കമ്പനിയുടെ ഉടമകളായിരുന്നത് പീറ്റർ, ഇന്ദ്രാണി മുഖർജി ദമ്പതികളാണ്. സ്വന്തം മകളെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിലാണ് ഇരുവരും.കേസുമായി ബന്ധപ്പെട്ട് ഇരുവരും കാർത്തിക്കും ചിദംബരത്തിനുമെതിരെ മൊഴിയും നൽകിയിരുന്നു. 

Other News