കഫേ കോഫി ഡേയിൽ നിന്നും സിദ്ധാർത്ഥ കടത്തിയത് 2700 കോടി


AUGUST 1, 2020, 11:57 AM IST

ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശ്രുംഖലയായ കഫേ കോഫി ഡേയുടെ സ്ഥാപകൻ കമ്പനിയിൽ കടത്തിയത് നിന്നും 2700 കോടി രൂപ (360 മില്യൺ ഡോളർ). കഴിഞ്ഞവർഷം അദ്ദേഹത്തിന്റെ ആത്മഹത്യക്കു ശേഷം കണ്ടെടുത്ത ഒരു കുറിപ്പിലൂടെയാണ് ഈ നിർണ്ണായക വിവരങ്ങൾ വെളിച്ചത്തായത്. 

തന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനത്തിൽ സ്വകാര്യ നിക്ഷേപകർക്കുള്ള ഓഹരികൾ തിരിച്ചു വാങ്ങുന്നതിനും വായ്പകൾ തിരിച്ചടക്കുന്നതിനും മറ്റു കടങ്ങളുടെ പലിശകൾ കൊടുത്തു തീർക്കുന്നതിനുമായി കോഫി ഡേയുടെ സബ്സിഡിയറി കമ്പനികളിൽനിന്നും സ്ഥാപകനായ വി ജി സിദ്ധാർത്ഥ മുൻകൂറായി പണം ആവശ്യപ്പെട്ടതായി ഒരു വർഷത്തോളം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷം കമ്പനി സമർപ്പിച്ച രേഖയിൽ പറയുന്നു. ഈ പണം  വി ജി സിദ്ധാർത്ഥയുടെ ഉടമസ്ഥതയിലുള്ള മൈസൂർ അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റ്സ് ലിമിറ്റഡിൽ നിന്നും നേരത്തെ വെളിപ്പെടുത്തിയ 8.4 ബില്യൺ രൂപയുടെ മറ്റു ആസ്തികളിൽ നിന്നും ഈടാക്കുമെന്നും കമ്പനി അറിയിച്ചു.  

കഴിഞ്ഞവർഷം ജൂണിൽ സിദ്ധാർത്ഥ മരിച്ച സാഹചര്യങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന ഒരു അന്വേഷണമാണ് നടന്നത്. ഒരു പാലത്തിൽക്കൂടി നടന്നു പോയ സിദ്ധാർത്ഥയുടെ ശവശരീരം രണ്ടു ദിവസങ്ങൾക്കു ശേഷം നദിയിൽ പൊന്തിക്കിടക്കുന്നതാണ് കണ്ടത്. അതുകഴിഞ്ഞയുടൻ കോഫി ഡേയുടെ ഡയറക്ടർ ബോർഡിന് അദ്ദേഹം എഴുതിയ ഒരു കത്തും ലഭിച്ചു.അതിൽ വലിയ കടമുണ്ടെന്നും കടം തന്നവരിൽ നിന്നും വലിയ സമ്മർദ്ദങ്ങൾ നേരിടുകയാണെന്നും പേര് സൂചിപ്പിക്കാത്ത എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ഉത്തരവാദിത്വം താൻ മാത്രമായി ഏറ്റെടുക്കുന്നതായും എഴുതിയിരുന്നു. 

സിദ്ധാർത്ഥയുടെ കത്തിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇന്ത്യയുടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്നും വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥനായ അശോക് കുമാർ മൽഹോത്രയാണ് അന്വേഷിച്ചത്. കോഫി ഡേയിലെ തങ്ങളുടെ ഓഹരികൾ വാങ്ങിയതിന്റെ പണം നിക്ഷേപകർ ആവശ്യപ്പെട്ടതും പണം കടം കൊടുത്തവർ അത് തിരികെ ആവശ്യപ്പെട്ടതും നികുതി അധികൃതർ പിടിച്ചെടുത്ത ആസ്തികളും എല്ലാം കൂടി സിദ്ധാർത്ഥ "കടുത്ത സാമ്പത്തിക പ്രതിസന്ധി"യിൽ ആയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. "എല്ലാം താൻ തന്നെയാണ് ചെയ്തതെന്നും തന്നിൽ വിശ്വാസമർപ്പിച്ചവരെയെല്ലാം കബളിപ്പിച്ചതിൽ ദുഃഖമുണ്ടെന്നും വളരെക്കാലം പോരാടിയെന്നും ഇന്നത് അവസാനിപ്പിക്കുകയാണെന്നും " കത്തിൽ അവസാന വരിയായി കുറിച്ചിരുന്നു. 

ലോകത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള ഇന്ത്യയിലെ ബിസിനസ് സമൂഹത്തിൽ ആ  കത്ത് വലിയ പ്രതികരണമുണ്ടാക്കി. കഴിഞ്ഞ ഒരു ദശകമായി കടത്തിൽ മുങ്ങിയവരാണവർ. ഉപഭോക്താക്കൾ ചിലവഴിക്കുന്നത് ചുരുക്കുകയും ബാങ്കുകൾ വായ്‌പകൾ കുറക്കുകയും ചെയ്തപ്പോൾ കടത്തിൽ മുങ്ങിയ ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾ  പിടയാൻ തുടങ്ങി. സാമ്പത്തിക മാന്ദ്യത്തിനൊപ്പം കൊറോണ വൈറസ് മഹാമാരി കൂടിയായപ്പോൾ സ്ഥിതി വളരെ വഷളായി. വലിയതോതിലുള്ള സാമ്പത്തിക തകർച്ചക്കാണത് വഴിയൊരുക്കിയത്. 

കോഫി ഡേയുടെ ബാലൻസ് ഷീറ്റിലും വിശാലമായ സമ്പദ്ഘടനയിലും നേരിട്ട ഇരട്ട പ്രതിസന്ധികൾ കമ്പനിയുടെ ആസ്തികൾ വിൽക്കേണ്ട അടിയന്തിര ആവശ്യകതയുണ്ടാക്കി. സിദ്ധാർത്ഥ അവശേഷിപ്പിച്ചുപോയ 72  ബില്യനോളം  രൂപയുടെ കട ബാധ്യത കുറക്കാൻ അതിനെ ആശ്രയിക്കേണ്ടിവന്നു. ബംഗളുരുവിലെ ടെക് പാർക്ക് സ്വകാര്യ മൂലധന വമ്പനായ ബ്ലാക്‌സ്‌റ്റോൺ ഗ്രൂപ്പ് 27 ബില്യൺ രൂപക്ക് വാങ്ങിയപ്പോൾ ടെക് കമ്പനിയായ മൈൻഡ് ട്രീ ലിമിറ്റഡിൽ ഉണ്ടായിരുന്ന ഓഹരി 18 ബില്യൺ രൂപയ്ക്കു വിറ്റു .അതിലൂടെ കടബാധ്യത 32  ബില്യൺ രൂപയായി കുറക്കാൻ കഴിഞ്ഞുവെന്ന് .കമ്പനിയുടെ കുറിപ്പിൽ പറയുന്നു. എന്നാൽ ഇന്ത്യ അതിരൂക്ഷമായ കൊറോണ വൈറസ് മഹാമാരി നേരിടുന്നത്  കാരണം കമ്പനിയുടെ പ്രധാന ബിസിനസ് നടത്തുന്നതിന് ക്ലേശിക്കുകയാണ്.

ഇന്ത്യയുടെ കാപ്പി ഹൃദയഭൂമിയെന്നു വിശേഷിപ്പിക്കാവുന്ന ചിക്മഗളൂരിൽ ഒരു കാപ്പിത്തോട്ട കർഷക കുടുംബത്തിലായിരുന്നു സിദ്ധാർത്ഥ ജനിച്ചത്. സ്റ്റാർബക്സ് ഇന്ത്യയിലെത്തുന്നതിനും ഒരു ദശകം മുമ്പ് ബംഗളുരുവിലെ ഐ ടി കേന്ദ്രത്തിൽ 1996 ലാണ് അദ്ദേഹം തന്റെ വ്യവസായ ശ്രുംഖലക്ക് തുടക്കം കുറിച്ചത്. രണ്ടു കുട്ടികളുടെ പിതാവായ സിദ്ധാർത്ഥ തന്റെ ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകളും ജീവനക്കാരുടെ ജീവിതവും പഠിക്കുന്നതിനായി അദ്ദേഹത്തിന്റെ ഉടമസ്ഥയിലുളള ഒരു കഫെയിൽ ഒരു വെയ്റ്റർ ആയി ജോലി നോക്കിയിട്ടുണ്ട്. 

സ്റ്റാർബക്‌സിനുള്ള ഇന്ത്യയുടെ മറുപടിഎന്ന നിലയിലാണ്  ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത കോഫി ഡേ കണക്കാക്കപ്പെട്ടിരുന്നത്.ബിസിനസ് അതിന്റെ ഉച്ചാവസ്ഥയിലായിരിക്കുമ്പോൾ  നഗരങ്ങളിലും ഹൈവേകളിലുമായി 1700ലധികം കഫേ കോഫി ഡേ വിൽപ്പന  കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. രാജ്യത്തെ മധ്യവർഗക്കാരെ ആകർഷിച്ചിരുന്ന ആ സ്ഥാപനങ്ങൾക്ക് മുന്നിൽ എഴുതി വെച്ചിരുന്ന മുദ്രാവാക്യം ഇതായിരുന്നു:"എ ലോട്ട് കാൻ ഹാപ്പെൻ ഓവർ കോഫീ".

Other News