പൊതുമുതല്‍ നശിപ്പിച്ചതിന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു


NOVEMBER 17, 2019, 12:18 PM IST

ന്യൂഡല്‍ഹി : സമരം ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യൂണിവേഴ്‌സിറ്റി അധികൃതരുടെ പ്രതികാര നടപടി. പൊതുമുതല്‍ നശിപ്പിച്ചതിന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജെഎന്‍യു അധികൃതരുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയും വൈസ് ചാന്‍സലറുടെ ഓഫീസും അലങ്കോലമാക്കി എന്നാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ഉണ്ടാകും. സമരം തകര്‍ക്കാനുള്ള അധികൃതരുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് പരാതി എന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യത്തിന്‍ മേല്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ  22 ദിവസമായി സമരം നടത്തുകയാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച വിദ്യാര്‍ത്ഥികള്‍ സമീപത്തുണ്ടായിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് സമീപം ഛായം വരച്ച് പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ഇവര്‍ പ്രതിമയ്ക്ക് നേരെ യാതൊരു തരത്തിലുള്ള അക്രമണങ്ങളും അഴിച്ചു വിട്ടിരുന്നില്ല. ജെഎന്‍യു അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിമ അലങ്കോലപ്പെടുത്തി എന്നാണ് പറയുന്നത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നിലവില്‍ കേസ് എടുത്തിട്ടുള്ള ഏഴ്പേര്‍ക്ക് പുറമേ 30ഓളം പേര്‍ക്കെതിരെ കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.

Other News