ന്യൂഡല്‍ഹി: ഇന്ത്യയിലെ എക്കാലത്തേയും വലിയ തട്ടിപ്പ് കേസില്‍ ദിവാന് ഹൗസിംഗ് ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡുമായി (ഡി എച്ച് എഫ് എല്‍) ബന്ധപ്പെട്ട 13 പേര്‍ക്കെതിരെ സി ബി ഐ കേസെടുത്തു. കപില്‍ വാധവാന്‍, ധീരജ് വാധവാന്‍ എന്നിവര്‍ ഉള്‍പ്പെടെ 13 പേര്ക്കെതിയെയായിരുന്നു കേസ്.
17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 34,000 കോടി രൂപയുടെ തട്ടിപ്പാണ് ദിവാന് ഹൗസിംഗ് ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡില്‍ നടന്നത്. പ്രതികളുമായി ബന്ധപ്പെട്ട രാജ്യത്തുടനീളമുള്ള 11 സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതായി ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.
കണ്‍സോര്‍ഷ്യത്തിലെ ലീഡ് ബാങ്കായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് സി ബി ഐ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂണിയന് ബാങ്കിന്റെ പരാതി പ്രകാരം 2010 മുതല്‍ ഡി എച്ച് എഫ് എല്‍ 42,000 കോടിയിലധികം രൂപയുടെ ക്രഡിറ്റ് സൗകര്യങ്ങള്‍ കണ്‍സോര്‍ഷ്യം നീട്ടിയിട്ടുണ്ട്. അതില്‍ 34,615 കോടി രൂപ കുടിശ്ശികയായി അവശേഷിക്കുന്നു.
നീരവ് മോദിയുടെ നേതൃത്വത്തിലുള്ള പി എന്‍ ബി വായ്പാ തട്ടിപ്പും (13,000 കോടി രൂപ), എ ബി ജി ഷിപ്പ്യാര്ഡ് വായ്പാ തട്ടിപ്പും (20,000 കോടി രൂപ) ആണ് ഇതുവരെ ഏറ്റവും വലിയ തട്ടിപ്പായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത് ദിവാന് ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്റെ പേരിലായി.
ലോണ്‍ അക്കൗണ്ടുകളുടെ 2020- 21ല്‍ കെ പി എം ജി നടത്തിയ ഓഡിറ്റില്‍ ഓഹരികളും കടപ്പത്രങ്ങളും വാങ്ങാനാണ് പണം കൂടുതല്‍ ചെലവഴിച്ചിരിക്കുന്നത്. വാധ്വാനെ കൂടാതെ സുഹാന ഗ്രൂപ്പിന്റെ സുധാകര്‍ ഷെട്ടിയേയും മറ്റ് 10 റിയല്‍ എസ്റ്റേറ്റ് കമ്പനികളേയും സി ബി ഐ പിടികൂടുകയായിരുന്നു.
കാര്യമായ സാമ്പത്തിക ക്രമക്കേടുകള്‍, ബന്ധപ്പെട്ട കക്ഷികള്‍ വഴിയുള്ള ഫണ്ട് വഴിതിരിച്ചുവിടല്‍, നിലവിലില്ലാത്ത റീട്ടയില്‍ ലോണുകള്‍ രേഖപ്പെടുത്തിയ കൃത്രിമ പുസ്തകം, ഫണ്ടുകളുടെ റൗണ്ട് ട്രിപ്പിംഗ്, സ്വത്ത് സൃഷ്ടിക്കുന്നതിനായി വഴിതിരിച്ചുവിട്ട തുകകളുടെ വിനിയോഗം തുടങ്ങിയവ സൂചിപ്പിക്കുന്നതായി യൂണിയന് ബാങ്ക് ആരോപിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡി എച്ച് എഫ് എല്‍, വാദ്വാന്സ് എന്നിവയുമായി ബന്ധപ്പെട്ട 66 സ്ഥാപനങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഏകദേശം 30,000 കോടി രൂപയുടെ അഡ്വാന്‍സ്ഡ് ലോണ്‍ നല്കി.ഈ 65 സ്ഥാപനങ്ങളില്‍ ഡയറക്ടര്‍മാരേയും ഓഡിറ്റര്മാരേയും നിയമിക്കുക, ആദായനികുതി നോട്ടീസുകള്‍ കൈകാര്യം ചെയ്യുക, ഈ സ്ഥാപനങ്ങളുടെ സെക്രട്ടേറിയല്‍ രേഖകള്‍ പരിപാലിക്കുക, ഈ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളുടെ മൊത്തത്തിലുള്ള നിയന്ത്രണം എന്നിവയിലൂടെ കപില്‍ വാധവന്‍ മാത്രം നാല്‍പ്പതോളം സ്ഥാപനങ്ങളെയാണ് നിയന്ത്രിക്കുന്നതെന്ന് സി ബി ഐ എഫ് ഐ ആറില്‍ ആരോപിക്കുന്നു.
ഡി എച്ച് എഫ് എല്‍ 2019 മെയ് മുതലുള്ള കടം അടക്കുന്ന ബാധ്യതകളില്‍ വീഴ്ച വരുത്തിയിരുന്നു. 2019ലെ കമ്പനിയുടെ തകര്‍ച്ചയ്ക്ക് ശേഷം വാധവന്മാര് ഒന്നിലധികം സി ബി ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകള്‍ നേരിടുന്നുണ്ട്. കൂടാതെ യെസ് ബാങ്ക് കേസിലും അറസ്റ്റിലായിട്ടുണ്ട്.