ബലാത്സംഗക്കേസിലെ ഇര അപകടത്തില്‍ പെട്ട കേസില്‍ കുല്‍ദീപ് സിങ് സേംഗറെ സിബിഐ ചോദ്യം ചെയ്തു


AUGUST 3, 2019, 5:50 PM IST

ലഖ്‌നൗ: ഉന്നാവ് ബലാത്സംഗക്കേസിലെ ഇര അപകടത്തില്‍ പെട്ട കേസില്‍ മുന്‍ ബി.ജെ.പി നേതാവും എംഎല്‍ എയുമായ കുല്‍ദീപ് സിങ് സേംഗറെ സിബിഐ ചോദ്യം ചെയ്തു.  കുല്‍ദീപ് സിങ് സേംഗറും മറ്റൊരു പ്രതിയും സഹോദരനുമായ അതുല്‍ സേംഗറും ബലാത്സംഗക്കേസില്‍ ഇപ്പോള്‍ സീതാപൂര്‍ ജയിലിലാണ്. ഇവിടെ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 14 ദിവസത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.അപകടത്തില്‍ പരിക്കേറ്റ് മരണത്തോട് മല്ലിടുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് കുല്‍ദീപ് സിങ് സേംഗര്‍ ജയിലില്‍ കിടക്കുന്നത്. 

തന്നെ ജയിലിലാക്കിയ പെണ്‍കുട്ടിയെ ഇല്ലാതാക്കാന്‍ കുല്‍ദീപ് സേംഗര്‍ കരുതിക്കൂട്ടി അപകടമുണ്ടാക്കി എന്നാണ് കേസ്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും അഭിഭാഷകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇത് കുല്‍ദീപ് സിംഗ് ആസൂത്രണം ചെയ്ത അപകടമാണിതെന്നും ഇയാള്‍ക്ക് ജയിലില്‍ ഫോണ്‍ സംവിധാനം ലഭ്യമാണെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. ലോക്‌സഭയും രാജ്യസഭയും പ്രശ്‌നത്തില്‍ പ്രക്ഷുബ്ദമായി.കേസില്‍ വാദം കേള്‍ക്കവേ സുപ്രീംകോടതിയും യു.പി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു.

17ാം വയസ്സില്‍ ജോലി തേടി വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിംഗ് സേംഗര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പരാതി നല്‍കുകയും വിവിധ കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദഫലമായി ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ പ്രതികാരനടപടിയായി കുല്‍ദീപ് സിംഗ് സേംഗറുടെ സഹോദരന്‍ നടത്തിയ മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു.

Other News