ഡിജിറ്റല്‍ മീഡിയ നിയന്ത്രിക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവരുന്നു


NOVEMBER 23, 2022, 8:07 PM IST

ന്യൂഡല്‍ഹി: ഡിജിറ്റല്‍ മീഡിയയെ നിയന്ത്രിക്കുന്നതിനുള്ള ബില്ല് കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. നേരത്തെ വാര്‍ത്തകള്‍ വണ്‍വേ കമ്മ്യൂണിക്കേഷനായിരുന്നെങ്കില്‍  ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ വികസിച്ചതോടെ വാര്‍ത്താ വിനിമയം ബഹുമുഖമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഒരു ഗ്രാമത്തെക്കുറിച്ചുള്ള ചെറിയ വാര്‍ത്തകള്‍ പോലും ഡിജിറ്റല്‍ മീഡിയയിലൂടെ ദേശീയ പ്ലാറ്റ്ഫോമിലെത്തുന്നു- അദ്ദേഹം പറഞ്ഞു. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ സ്വയം നിയന്ത്രണത്തിന് വിട്ടിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഡിജിറ്റല്‍ മീഡിയ അവസരങ്ങളും വെല്ലുവിളികളും അഴതരിപ്പിക്കുന്നുണ്ടെന്നും സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആവശ്യമായ മാറ്റങ്ങള്‍ എന്തെല്ലാം ചെയ്യാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും നിയമത്തില്‍ എന്ത് മാറ്റങ്ങള്‍ വരുത്തേണ്ടി വന്നാലും ജോലി ലളിതവും എളുപ്പവുമാക്കാന്‍ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഹിന്ദി വാര്‍ത്താ ദിനപത്രമായ മഹാനഗര്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ താക്കൂര്‍ പറഞ്ഞു.

പത്രങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ലളിതമാക്കുമെന്നും 1867ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് നിയമത്തിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും താക്കൂര്‍ പറഞ്ഞു. പുതിയ നിയമമനുസരിച്ച്, ഇപ്പോള്‍ ഏകദേശം നാല് മാസമെടുക്കുന്ന രജിസ്‌ട്രേഷന്‍ പ്രക്രിയ ഒരാഴ്ചയ്ക്കുള്ളില്‍ ഓണ്‍ലൈന്‍ മോഡ് വഴി പൂര്‍ത്തിയാക്കാന്‍ കഴിയും.

Other News