കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടി തുടങ്ങിയേക്കും


NOVEMBER 24, 2021, 8:44 AM IST

ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് ഇന്ന് അനുമതി നല്‍കിയേക്കും. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള അനുമതി ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രി സഭാ യോഗം നല്‍കിയേക്കുമെന്നാണ് വിവരം.നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിനായുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ അംഗീകാരം നേടണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

മാത്രമല്ല പാര്‍ലമെന്റിലേക്കടക്കം പ്രഖ്യാപിച്ച ട്രാക്ടര്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള തുടര്‍സമരങ്ങളുടെ കാര്യത്തില്‍ കേന്ദ്ര മന്ത്രി സഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും കര്‍ഷകര്‍ നിലപാട് പ്രഖ്യാപിക്കുക. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച തീരുമാനത്തിന് പാര്‍ലമെന്റിന്റെ കൂടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിക്കു എന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.

താങ്ങുവില നിയപരമായി ഉറപ്പാക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തിനും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയേക്കും. താങ്ങുവില ഉറപ്പാക്കുന്നത് ഉള്‍പ്പെടെ ആറ് ആവശ്യങ്ങളാണ് സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്.

Other News