അടിസ്ഥാന സൗകര്യവികസന രംഗത്ത് 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍


DECEMBER 2, 2019, 6:27 PM IST

ന്യൂഡല്‍ഹി: നിരവധി ഉത്തേജന പരിപാടികള്‍ നടപ്പിലാക്കിയിട്ടും സാമ്പത്തിക വളര്‍ച്ച താഴേയ്ക്ക് പോയിക്കൊണ്ടിരിക്കുന്ന ഭീതിജനകമായ അന്തരീക്ഷത്തില്‍ വീണ്ടും പുതിയ വികസനപരിപാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍.  അഞ്ചുവര്‍ഷം കൊണ്ട് രാജ്യത്തെ അടിസ്ഥാനസൗകര്യവികസന രംഗത്ത് 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് നീക്കം. അതിലൂടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു.

സാമ്പത്തിക വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച പഠനത്തിലാണെന്നും ഫണ്ട് തയ്യാറായാല്‍ പദ്ധതികള്‍ ആരംഭിച്ചുതുടങ്ങുമെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.ഡിസംബര്‍ 25 നകം പത്ത് പദ്ധതികള്‍ക്കെങ്കിലും ഇത്തരത്തില്‍ പണം കൈമാറും. അടിസ്ഥാനസൗകര്യവികസനത്തിലൂടെ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുക എന്നത് റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ ആശയമാണ്. അദ്ദേഹം ഇത് സംബന്ധിച്ച് ഒരു പുസ്തകം തന്നെ ഇറക്കിയിട്ടുണ്ട്. മഹാരാഷ്ട്ര,ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷിച്ച് വിജയിപ്പിക്കാനും അദ്ദേഹത്തിനായി.

നിലവിലെ വികസനപദ്ധതികളും ഗഡ്ക്കരിയുടെ ആശയത്തില്‍ നിന്നും പ്രചോദനം കൊണ്ട് ആവിഷക്കരിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു.

2013 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കായ 4.5 ശതമാനമാണ് സെപ്തംബര്‍ അവസാനപാദത്തില്‍ ഇന്ത്യയ്ക്ക് നേടാനായത്. മൂഡീസുള്‍പ്പടെ പല റേറ്റിംഗ് ഏജന്‍സികളും ഇന്ത്യയുടെ റേറ്റിംഗ് കുറയ്ക്കുകയും വളര്‍ച്ചാ അനുമാനം കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അവസ്ഥ സംജാതമായതിന് കാരണം മുന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറും ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനുമാണെന്നാണ് കേന്ദ്രധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ പറയുന്നത്. ഇവരുടെ കാര്യനിര്‍വഹണശേഷിയിലെ പോരായ്മ കാരണം ബാങ്കുകള്‍ പാപ്പരായെന്നും നിക്ഷേപം നടക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 

എന്നാല്‍ സാമ്പത്തികമാന്ദ്യത്തിന് കാരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത് ജിഎസ്ടിയുടെ പെട്ടെന്നുള്ള നടപ്പിലാക്കലും നോട്ട് നിരോധനവുമാണ്. 

കാര്യമെന്തായാലും നിരവധി ഉത്തേജന പാക്കേജുകളാണ് കഴിഞ്ഞ ആറുമാസത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. ജിഎസ്ടിയും വരുമാന നികുതിയും കുറച്ചും മറ്റ് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. ഇതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് നിരവധി തവണ പലിശ നിരക്ക് കുറയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും സമ്പദ് വ്യവസ്ഥയില്‍ വലിയ ചലനങ്ങളുണ്ടാക്കിയിട്ടില്ല.

അതേസമയം കള്ളപ്പണത്തിന്റെയും അനധികൃത നിക്ഷേപങ്ങളുടെയും ഒഴുക്കുകുറഞ്ഞതുകൊണ്ടാണ് ഇപ്പോഴത്തെ മാന്ദ്യമെന്നും ഇപ്പോള്‍ നടന്നത് ശുദ്ധികലശമാണെന്നുമുള്ള വാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. ഇനിയാണ് യഥാര്‍ത്ഥ വളര്‍ച്ച സംഭവിക്കുക എന്നും അദ്ദേഹം അവകാശപ്പെടുന്നു.

Other News