രാമസേതു നിര്‍മിച്ചത് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെന്ന് കേന്ദ്രമന്ത്രി; നിശബ്‌ദരായി  ഐ ഐ ടി വിദ്യാർഥികൾ 


AUGUST 28, 2019, 11:15 PM IST

കൊൽക്കത്ത:രാമസേതു നിര്‍മിച്ചത് ഇന്ത്യക്കാരായ എന്‍ജിനീയര്‍മാരാണെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്.ഖരഗ്‌പൂർ ഐ ഐ ടിയില്‍ ബിരുദദാന ചടങ്ങിലാണ് കേന്ദ്ര മന്ത്രി അവകാശവാദമുന്നയിച്ചത്.

മന്ത്രിയുടെ പ്രസംഗം കേട്ട് സദസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഒന്നടങ്കം നിശബ്‌ദരായെങ്കിലും എന്തെങ്കിലും പറയൂ എന്ന് അദ്ദേഹം ആവര്‍ത്തിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ കൈയടിച്ചു.

'സാങ്കേതിക രംഗത്ത് ഈ രാജ്യം എത്രത്തോളം പുരോഗമിച്ചുവെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും ഭിന്നാഭിപ്രായങ്ങളുണ്ടോ? പുരാതനകാലത്ത് നമ്മുടെ രാജ്യത്ത് മികച്ച എന്‍ജിനീയര്‍മാരുണ്ടായിരുന്നു എന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടോ? ഉദാഹരണത്തിന്, രാമസേതു നിര്‍മിച്ചത് ആരാണ്? യു എസിലെയും ബ്രിട്ടനിലെയും ജര്‍മനിയിലെയും എന്‍ജിനീയര്‍മാരാണോ ? അല്ല, നമ്മുടെ എന്‍ജിനീയര്‍മാരാണ്'

ഇതുകേട്ടതോടെയാണ് സദസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ നിശബ്‌ദരായത്. സദസില്‍നിന്ന് പ്രതികരണമൊന്നും ലഭിക്കാതായതോടെ മന്ത്രി തന്റെ പ്രസംഗം ഇങ്ങനെ തുടര്‍ന്നു.

'ഞാന്‍ പറഞ്ഞത് ശരിയല്ലേ?ശരിയല്ലേ? ദയവായി എന്തെങ്കിലും പറയൂ. എന്തുകൊണ്ടാണ് നിങ്ങള്‍ നിശബ്‌ദരായി ഇരിക്കുന്നത്.' ഇതോടെ സദസില്‍നിന്ന് കൈയടി ഉയര്‍ന്നു.

തൊട്ടുപിന്നാലെ സംസ്‌കൃത ഭാഷയാണ് ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷയെന്നും സ്വയം വിഷം കഴിച്ച്‌ ലോകത്തെയാകെ രക്ഷിച്ചയാളാണ് പരമശിവനെന്നും മന്ത്രി പറഞ്ഞു.സംസ്‌കൃതം ദൈവത്തിന്റെ ഭാഷയാണ്. ഭാവിയില്‍ സംസാരിക്കുന്ന കമ്പ്യൂട്ടറുകള്‍ നിര്‍മ്മിച്ചെടുക്കുമ്പോള്‍ ആ കമ്പ്യൂട്ടറുകള്‍ക്ക് ഏറ്റവും അനുയോജ്യമായതും ശാസ്ത്രീയമായതുമായ ഭാഷ സംസ്‌കൃതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമസേതു,സംസ്‌കൃതം എന്നിവയില്‍ ഗവേഷണം നടത്താന്‍ എന്‍ജിനീയര്‍മാരോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്‌തു.ബിരുദദാനച്ചടങ്ങിനു പുറമെ ഐ ഐ ടിയുടെ 65-ാമത് വാര്‍ഷിക സമ്മേളനവുമായിരുന്നു.

പ്രസംഗത്തിനൊടുവില്‍ രാമസേതുവിനെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ശരിയാണോ അല്ലയോ എന്നും മന്ത്രി സദസിനോട് ചോദിച്ചു. പ്രസംഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ഈ പരാമര്‍ശത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ "താന്‍ ഉദ്ദേശിച്ചത് രാമസേതുവിനെക്കുറിച്ച്‌ പുതിയ ഗവേഷണത്തിന് ആഹ്വാനം ചെയ്യുക എന്നതായിരുന്നുവെന്ന്'' അദ്ദേഹം പറഞ്ഞു.

Other News