കോവിഡ് വര്‍ധന: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ടീമുകളെ നിയമിച്ചു


OCTOBER 16, 2020, 7:24 PM IST

ന്യൂഡല്‍ഹി: കോവിഡ് വര്‍ധന കണക്കിലെടുത്ത് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം കേരളം, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്ക് ഉന്നത തലത്തിലുള്ള കേന്ദ്ര ടീമുകളെ നിയോഗിച്ചു.

ഈ സംസ്ഥാനങ്ങളില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓരോ ടീമിലും ഒരു ജോയിന്റ് സെക്രട്ടറി (അതത് സംസ്ഥാനത്തിന്റെ നോഡല്‍ ഓഫീസര്‍), പൊതുജനാരോഗ്യ വശങ്ങള്‍ നോക്കാന്‍ ഒരു പൊതുജനാരോഗ്യ വിദഗ്ദ്ധന്‍, അണുബാധ തടയുന്നതിനുള്ള നടപടികള്‍ നോക്കാനും ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ സംസ്ഥാനം പിന്തുടരുന്നു എന്ന് ഉറപ്പുവരുത്താനും ഒരു ക്ലിനിഷ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ടീം.

നിയന്ത്രണം, നിരീക്ഷണം, പരിശോധന, അണുബാധ തടയല്‍, നിയന്ത്രണ നടപടികള്‍, പോസിറ്റീവ് കേസുകളുടെ കാര്യക്ഷമമായ ക്ലിനിക്കല്‍ മാനേജ്‌മെന്റ് എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സംസ്ഥാന ശ്രമങ്ങളെ ടീമുകള്‍ പിന്തുണയ്ക്കും.

സമയബന്ധിതമായ രോഗനിര്‍ണയവും തുടര്‍നടപടികളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും കേന്ദ്ര ടീമുകള്‍ മാര്‍ഗനിര്‍ദേശം നല്‍കും.

കേരളത്തിലെ ആകെ കേസുകള്‍ 3,17,929 ആണ്, ഇത് മൊത്തം രാജ്യത്തെ കേസുകളുടെ 4.3% ആണ്. പത്തുലക്ഷം പേരില്‍ 8906 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗമുക്തിനേടിയ കേസുകളുടെ എണ്ണം 2,22,231 ആണ്, രോഗമുക്തി നിരക്ക് 69.90%. സജീവ കേസുകള്‍ 94,609 ആണ് (മൊത്തം ദേശീയ കണക്കുകളുടെ 11.8% ഉള്‍പ്പെടുന്നു). സംസ്ഥാനത്തെ ആകെ മരണങ്ങള്‍ 1089 ആണ്. മരണനിരക്ക് 0.34 ശതമാനവും. പത്ത് ലക്ഷത്തില്‍  31 പേര്‍ എന്ന അനുപാതത്തിലാണ് മരണം. കേരളത്തിലെ ടിപിഎം 53518 ഉം പോസിറ്റിവിറ്റി നിരക്ക് 16.6 ശതമാനവുമാണ്.

Other News