ഇന്ത്യയ്ക്ക് സ്വപ്ന സാഫല്യം; ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു


JULY 22, 2019, 3:02 PM IST

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആകാശ സ്വപ്‌നങ്ങള്‍ക്ക് മിഴിവേകി ചന്ദ്രയാന്‍ -2 വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന്  ഉച്ചയ്ക്ക് 2.43നായിരുന്നു വിക്ഷേപണം. 7500ഓളം പേരാണ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ ഈ അഭിമാന നിമിഷത്തിന് സാക്ഷികളാകാന്‍ എത്തിച്ചേര്‍ന്നത്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ച് രണ്ടു മണിക്കൂറിനകം ഗാലറിയില്‍ ഉള്‍ക്കൊള്ളാവുന്ന 7500 പേരും തികഞ്ഞതോടെ നിര്‍ത്തിവച്ചു.

ജൂലൈ 15ന് അര്‍ധരാത്രിയായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്.ചന്ദ്രയാന്‍ 2 വഹിച്ചുയരുന്ന ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്‌സല്‍ ജൂലൈ 20ന് പൂര്‍ത്തിയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബര്‍ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയാണു 2008 ഒക്ടോബറില്‍ ചന്ദ്രയാന്‍1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. 11 വര്‍ഷത്തിനു ശേഷം, ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയാകുന്നത്. ഒന്നാം ദൗത്യത്തില്‍നിന്നു വ്യത്യസ്തമായി രാജ്യത്തിന്റെ ആദ്യ റോവറും ഈ ദൗത്യത്തിനൊപ്പം യാത്ര തിരിക്കും, പ്രഗ്യാന്‍.

Other News