അന്ത്യനിമിഷത്തിൽ ലക്‌ഷ്യം കാണാനാകാതെ ചന്ദ്രയാൻ 2 ദൗത്യം (വീഡിയോ)


SEPTEMBER 7, 2019, 3:28 AM IST

ബെം​ഗ​ളൂ​രു:ച​ന്ദ്ര​യാ​ന്‍ 2 ദൗത്യത്തിന്‍റെ നിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐ എസ് ആര്‍ ഒ.ചന്ദ്രനില്‍ നിന്ന് കേവലം 2.1 കിലോ മീറ്റര്‍ അകലെവച്ച്‌ ലാന്‍ഡറില്‍ നിന്ന് സിഗ്നല്‍ നഷ്ടമായതായും വിവരങ്ങള്‍ പരിശോധിക്കുന്നതായും ഐ എസ് ആര്‍ ഒ അറിയിച്ചു.

37 ശ​ത​മാ​നം മാ​ത്രം വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കാ​ക്കി​യ സോ​ഫ്റ്റ് ലാ​ന്‍​ഡി​ങ് ഏറെ ശ്രമകരമായ ഘട്ടമാ‍യിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ1.52ഓടെ ലാന്‍ഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നല്‍ ലഭിക്കാതാവുകയായിരുന്നു.

ഇ​തു​വ​രെ ആ​രും ക​ട​ന്നു​ചെ​ല്ലാ​ത്ത ച​ന്ദ്ര​നി​ലെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ള്‍ തേ​ടി​യു​ള്ള ച​ന്ദ്ര​യാ​ന്‍-​ര​ണ്ടി​​​​​​​​​​​​​​​​​ന്റെ വി​ക്ഷേ​പ​ണ​ത്തി​നു​ ശേ​ഷം 47ദി​വ​സ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാണ്ചന്ദ്രയാന്‍ 2 ലാന്‍ഡിങ്ങിന് തയാറെടുത്തത്.അ​തി​സ​ങ്കീ​ര്‍​ണ​മാ​യ സോ​ഫ്റ്റ് ലാ​ന്‍​ഡി​ങ്ങി​നാ​യി ച​ന്ദ്ര​നി​ല്‍​നി​ന്ന്​ 35 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലാ​ണ് ലാ​ന്‍​ഡ​റി​നെ എ​ത്തി​ച്ചി​രു​ന്ന​ത്.മൈനസ് 13 ഡിഗ്രി ശരാശരി താപനിലയുള്ള ദക്ഷിണ ധ്രുവത്തിലെ മന്‍സിനസ് സി, സിംപിലിയന്‍ എന്‍ ഗര്‍ത്തങ്ങളുടെ മധ്യ ഭാഗത്താണ് ലാന്‍ഡിങ് തീരുമാനിച്ചിരുന്നത്.

48 ദിവസം നീണ്ടചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഭൂമിയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തിയത്.ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ചന്ദ്രയാന്‍ രണ്ട് പേടകവുമായി ജി എസ് എല്‍ വി മാര്‍ക്ക് ത്രീ റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചതിനെക്കാള്‍ 45,475 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിയതിനാല്‍ പേടകത്തിന്‍റെ ആദ്യ ഭ്രമണപഥമാറ്റം വേണ്ടെന്ന് വച്ചിരുന്നു.

ഭൂമിയുടെ ഭ്രമണപഥത്തില്‍ 23 ദിവസം വലംവെച്ച ചന്ദ്രയാന്‍ 2 അഞ്ച് തവണ ഭ്രമണപഥം വികസിപ്പിച്ചിരുന്നു. ലിക്വിഡ് പ്രൊപല്‍ഷന്‍ എന്‍ജിന്‍ ജ്വലിപ്പിച്ചാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് പേടകം പുറത്തു കടന്നത്. ഇതിനിടെ ഭൂമിയെ വലംവെക്കുമ്പോള്‍ പേടകം പകര്‍ത്തിയ ഭൂമിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.തുടര്‍ന്ന് ട്രാന്‍സ് ലൂനാര്‍ ഇന്‍സെര്‍ഷന്‍ വഴിയാണ് പേടകത്തിന്‍റെ സഞ്ചാരപഥം ചന്ദ്രനിലേക്ക് ഗതിമാറ്റിയത്.

13 ദിവസം ചന്ദ്രനെ വലംവെച്ച ശേഷമാണ് ചന്ദ്രയാന്‍ 2 പേടകം ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ഇതിന് മുന്നോടിയായി അഞ്ചു തവണ ഭ്രമണപഥം ചെറുതാക്കി 100 കിലോമീറ്റര്‍ വൃ​ത്താ​കൃ​തി​യി​ലെത്തി. ദൗത്യത്തിന്‍റെ 43ാം ദിവസമായ സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററുംവിക്രം ലാന്‍ഡറും വേര്‍പ്പെട്ടു. സെ​പ്റ്റം​ബ​ര്‍ മൂ​ന്ന്, നാല് തീയതികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലാ​ന്‍​ഡ​റി​​​​​​​​​​ന്റെ ഭ്രമണപഥം വീണ്ടും താഴ്ത്തി. ഇതോടെ ചന്ദ്രനുമായുള്ള ദൂരപരിധി 36 കിലോമീറ്ററില്‍ എത്തുകയും ചെയ്തു.

48ാം ദിവസമായ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി വിക്രം ലാന്‍ഡര്‍ കുതിപ്പ് തുടങ്ങി. പുലര്‍ച്ചെ ഒരു മണിയോടെ ലാന്‍ഡറിലെ ത്രോട്ടബിള്‍ ലിക്വിഡ് എന്‍ജിനുകള്‍ പ്രവര്‍ത്തിച്ച്‌ വേഗത കുറച്ച്‌ സോഫ്റ്റ് ലാന്‍ഡിങ് ആരംഭിച്ചു. 1.52ഓടെ ലാന്‍ഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നല്‍ ലഭിക്കാതാവുകയായിരുന്നു.

Other News