ചന്ദ്രയാന്‍ 2 വിന്റെ ഭ്രമണപഥം രണ്ടാമതും ഉയര്‍ത്തി


JULY 26, 2019, 6:05 PM IST

തിരുവനന്തപുരം: ഭൂമിയില്‍നിന്നും അകലം കൂട്ടി ചന്ദ്രയാന്‍ 2വിന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. പ്രൊപ്പല്‍ഷന്‍ സംവിധാനം 883 സെക്കന്റ് പ്രവര്‍ത്തിപ്പിച്ച് 251 - 54829 കി.മി ഭ്രണപഥത്തിലേക്കാണ് ചന്ദ്രയാനെ എത്തിച്ചത്. നേരത്തെ 170-45162 ഭ്രമണപഥത്തില്‍ നിന്നും 230.5 -45163 എന്ന ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍ പേടകത്തെ വിജയകരമായി ഉയര്‍ത്തിയിരുന്നു.ഇപ്പോള്‍ ചന്ദ്രയാന്‍ ഉള്ളത് ഭൂമിയുടെ ഏറ്റവുമടുത്ത് (പെരിജി) 251 കിലോമീറ്ററും ഏറ്റവുമകലെ 54829 കിലോമീറ്ററും (അപ്പോജി) ഉള്ള ഭ്രമണപഥത്തിലാണ്.

ഇങ്ങിനെ23 ദിവസം ഭൂമിക്കു ചുറ്റും  വിവിധ ഭ്രമണപഥങ്ങളില്‍ കറങ്ങി പിന്നീട് ചന്ദ്രന്റെ ഭ്രമണപഥത്തിലെയ്ക്ക് ചന്ദ്രയാന്‍ യാത്ര തിരിക്കും. ഏഴു ദിവസമാണ് ഇവിടേയ്ക്കുള്ള യാത്രയുടെ ദൈര്‍ഘ്യം. പിന്നീട് വിക്ഷേപണത്തിന്റെ മുപ്പതാം ദിവസം ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കയറുകയും  48-ാം ദിനം  പേടകത്തിലെ ലാന്‍ഡറും റോവറും ചന്ദ്രനിലിറങ്ങുകയും ചെയ്യും.അതായത് സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനിലെത്തും വിധമാണ് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ക്രമീകരിച്ചിരിക്കുന്നത്.

ഗതി നിയന്ത്രിക്കുന്നതിനായി ചന്ദ്രയാനില്‍ സ്ഥാപിച്ചിട്ടുള്ള ബഹിരാകാശ വാഹനത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും മൂന്നാമത് ഭ്രമണപഥം ഉയര്‍ത്തല്‍ ജൂലായ് 29 ന് ഉച്ചയ്ക്ക് 2.30 നും 3.30 നും ഇടയില്‍ നടത്തുമെന്നും ഐഎസ്ആര്‍ഓ അറിയിച്ചു. പിന്നീട്‌

 ഓഗസ്റ്റ് രണ്ടിനും ഓഗസ്റ്റ് ആറിനും ഭ്രമണപഥം ഉയര്‍ത്തല്‍ ആവര്‍ത്തിക്കും.ഓഗസ്റ്റ് 14 നാണ് ചന്ദ്രയാന്‍2 ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക. ഓഗസ്റ്റ് 20 ന് ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്നും ഐഎസ്ആര്‍ഓ പറഞ്ഞു.

Other News