ചന്ദ്രയാന്‍2 ചന്ദ്രനോട് കൂടുതല്‍ അടുത്തു


AUGUST 21, 2019, 7:00 PM IST

ബെഗംളൂരു: ഓഗസ്റ്റ് 20 രാവിലെ ചാന്ദ്രഭ്രമണപഥത്തിലെത്തിയ ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍2 ഇന്നലെ ചന്ദ്രനോട് കൂടുതല്‍ അടുത്തെത്തി. ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രയാന്റെ ഭ്രമണപഥം താഴ്ത്തല്‍ ഐ.എസ്.ആര്‍.ഒ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.  ബുധനാഴ്ച ഉച്ചയ്ക്ക് 12.50 നാണ് പേടകത്തിലെ പ്രൊപ്പള്‍ഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് സഞ്ചാരപഥം ക്രമീകരിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതിന് 1228 സെക്കന്റ് സമയമെടുത്തു.

 ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് ഐ.എസ്ആര്‍ഒ വൃത്തങ്ങള്‍ പറയുന്നു. ഓഗസ്റ്റ് 28, 30 സെപ്റ്റംബര്‍ ഒന്ന് തീയ്യതികളില്‍ വീണ്ടും ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും.

നേരത്തെ ഭൂമിയില്‍ നിന്നും അകലം വര്‍ധിപ്പിച്ച് ചന്ദ്ര ഭ്രമണപഥത്തിലേയ്ക്ക് എത്തിക്കുന്ന പ്രവൃത്തി ഘട്ടംഘട്ടമായാണ് ഐ.എസ്.ആര്‍.ഒ പൂര്‍ത്തീകരിച്ചത്.

Other News