വിജയകരമായി കുതിക്കുന്ന ചന്ദ്രയാന്‍ രണ്ടില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്തു വിട്ടു


AUGUST 4, 2019, 4:26 PM IST

ബെംഗളൂരു:ചന്ദ്രനിലേക്ക് വിജയകരമായി കുതിക്കുന്ന ചന്ദ്രയാൻ രണ്ടിൽ നിന്ന് ലഭിച്ച ആദ്യ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടു. ചന്ദ്രയാൻ രണ്ട് വിക്രം ലാന്‍ഡറിലെ എല്‍14 ക്യാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളാണ് വാർത്താ ഏജൻസി എ എൻ ഐ ട്വീറ്റ് ചെയ്‌തത്‌.

മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട് ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി വിക്രം എന്നാണ് ലാൻഡിംഗ് മൊഡ്യൂളിന് നൽകിയിരിക്കുന്ന പേര്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരിക്കും ചന്ദ്രയാൻ രണ്ട് റോവർ ഇറങ്ങുക.  ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല. 

ചാന്ദ്രയാൻ - ഒന്നാം ദൗത്യത്തിൽ ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐ എസ് ആർ ഒ അവലംബിച്ചത്. ഇത്തവണ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുകയാണ് ഐ എസ് ആർ ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. 

റോവറിന്‍റെ പേര് 'പ്രഗ്യാൻ' എന്നാണ്. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി നിരീക്ഷണങ്ങൾ നടത്തുകയാണ് 'പ്രഗ്യാന്‍റെ' ദൗത്യം. ചന്ദ്രന്‍റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തിൽ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാൽ പ്രഗ്യാന്റെ ദൗത്യം ബുദ്ധിമുട്ടേറിയതാകും. 

Other News