ഇന്ത്യയുടെ  ചന്ദ്രയാന്‍ 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു


JULY 15, 2019, 12:38 PM IST

ശ്രീഹരിക്കോട്ട:   സാങ്കേതികതകരാര്‍ നേരിട്ടതിനെ തുടര്‍ന്ന്   ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലുണ്ടായ തകരാറാണ് കാരണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. എന്നാല്‍ എന്താണ് സാങ്കേതിക തകരാറെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടില്ല.


അതീവ മുന്‍കരുതലിന്റെ ഭാഗമായാണ് വിക്ഷേപണം മാറ്റിവച്ചത്. എന്നാല്‍ എന്താണു സാങ്കേതിക തകരാറെന്നു വ്യക്തമാക്കിയിട്ടില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ വക്താവ് ഗുരുപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 15ന് പുലര്‍ച്ച 2.51നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന് ചാന്ദ്രയാന്‍ 2 വിക്ഷേപണം നിശ്ചയിച്ചിരുന്നത്.


ഞായറാഴ്ച പുലര്‍ച്ചെ 6.51-ന് 20 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുള്‍പ്പെടെയുള്ളവര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

ചന്ദ്രയാന്‍ പേടകത്തിന് സാങ്കേതികപ്രശ്‌നങ്ങള്‍ ഇല്ല. ജി.എസ്.എല്‍.വി.യിലെ തകരാര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കാതിരിക്കാനാണ് വിക്ഷേപണം മാറ്റിയതെന്നാണ് പ്രാഥമിക നിഗമനം.

Other News