ചിദംബരം തിഹാര്‍ ജയിലിലേക്ക്;എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍കൂര്‍ ജാമ്യം


SEPTEMBER 5, 2019, 11:24 PM IST

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ സി ബി ഐ കസ്റ്റഡിയിലായിരുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സി ബി ഐ കോടതിയാണ്ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇതോടെ അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും.

ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്നുംജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നുമുള്ളസി ബി ഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.സെപ്റ്റംബർ 19 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

74 കാരനായ മുന്‍ കേന്ദ്രമന്ത്രിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടരുതെന്ന് കപില്‍ സിബല്‍ വാദിച്ചു. ചിദംബരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നില്‍ കീഴടങ്ങാന്‍ സന്നദ്ധനാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനിലയും മുന്‍ ധനമന്ത്രി എന്ന പരിഗണനയും കണക്കിലെടുത്ത് പ്രത്യേക സുരക്ഷയും, മരുന്നുകളും നല്‍കണമെന്നും പ്രത്യേക സെല്ലും കിടക്കയും വെസ്‌റ്റേണ്‍ ടോയ്‌ലറ്റും അനുവദിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചു.

ചിദംബരത്തെ കുപ്രസിദ്ധമായ തിഹാര്‍ ജയിലില്‍ അയക്കാതിരിക്കാന്‍ കോടതി തന്നെ നേരത്തേ ഇളവുകള്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 15 ദിവസമായി സി ബി ഐ കസ്റ്റഡിയിലായിരുന്നു. ഈ സമയം സി ബി ഐ ആസ്ഥാനത്തെ സ്യൂട്ട് റൂമിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 

നേരത്തേ എയര്‍സെല്‍ മാക്‌സിസ് കേസില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും സി ബി ഐ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസന്വേഷണം ഇത്രയും വൈകിയതിന് സി ബി ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനേയും കോടതി വിമര്‍ശിക്കുകയും ചെയ്‌തു.

Other News