ചിദംബരത്തിന്റെ അറസ്റ്റ് കോണ്‍ഗ്രസില്‍ അങ്കലാപ്പ്


AUGUST 23, 2019, 10:22 AM IST

മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ സാമ്പത്തിക തട്ടിപ്പുകേസില്‍ സിബിഐ അറസ്റ്റുചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. നെഹ്റുകുടുംബത്തിന്റെ വിശ്വസ്തനായ ചിദംബരത്തെ ചടുലവും നാടകീയവുമായ നീക്കങ്ങളിലൂടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വരുതിയിലുള്ള സിബിഐ മതില്‍ ചാടിക്കടന്ന് അറസ്റ്റു ചെയ്തത്.

മോഡി ഭരണത്തില്‍ നടന്ന ബാലാക്കോട്ട് ആക്രമണവും, കശ്മീര്‍ വിഭജനത്തെയും അനുസ്മരിപ്പിക്കുന്ന തരത്തില്‍ അപ്രതീക്ഷിതവും ശക്തവുമായ നീക്കങ്ങളാണ് ചിദംബരത്തിന്റെ അറസ്റ്റു നടപടികളിലും കാണാന്‍ കഴിഞ്ഞത്.2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്  ഐഎന്‍എക്സ് മീഡിയക്ക് വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആസ്പദമായ സംഭവം. ചിദംബരത്തെ അറസ്റ്റു ചെയ്ത നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്  കോണ്‍ഗ്രസിലെ തന്നെ മുന്‍നിരനേതാക്കളെയാണ് എന്ന ചര്‍ച്ചകള്‍ സജീവമാണ്.

വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര തുടങ്ങിയവര്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലില്‍ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന്  ഡല്‍ഹി സിബിഐ പ്രത്യേക കോടതിയില്‍  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.കേസില്‍ അറസ്റ്റിലായ മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ഏത് സാഹചര്യത്തിലാണ് പേര് പരാമര്‍ശിച്ചതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഇറ്റാലിയന്‍ വനിതയുടെ മകനെക്കുറിച്ചും പറഞ്ഞെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിരുന്നു.അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് മിഷേലിനെതിരൊയ കുറ്റം. അതുപോലെ തന്നെ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ വസ്തുവകകള്‍ കൈവശപ്പെടുത്തിയെന്ന കേസിലും സോണിയയും രാഹുല്‍ ഗാന്ധിയും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.കള്ളപ്പണം വെള്ളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്ക് അനധികൃത സ്വത്തുക്കള്‍ ഉണ്ടെന്ന് ആരോപണങ്ങളെക്കുറിച്ചും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.

കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും  പ്രിയങ്ക വ്യക്തമാക്കിയിരുന്നു. റോബര്‍ട്ട് വധേരയുടെ ഭുമിയിപാടുകളില്‍ നേരത്തെയും വിവാദമായിരുന്നു. വധേരയുടെ ഭൂമി ഇടപാടുകള്‍ ഉയര്‍ത്തിക്കാട്ടി പ്രിയങ്കയ്‌ക്കെതിരേ ഉള്‍പ്പെടെ കടുത്ത വിമര്‍ശനവും ബിജെപി അഴിച്ചുവിട്ടിരുന്നത്. ചിദംബരത്തിന്റെ അറസ്റ്റും രാഷ്ട്രീയ പകപോക്കലായാണ് രാഹുലും പ്രിയങ്കയുംഅടക്കം കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടികാട്ടുന്നത്. പരിണിത ഫലം എന്തായാലും ചിദംബരത്തിനൊപ്പം കോണ്‍ഗ്രസ് നിലകൊള്ളുമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിലെ അന്തര്‍ദ്ദേശീയ വ്യക്തിത്വമായ ശശി തരൂരിനെതിരായ നീക്കവും കേന്ദ്ര ഏജന്‍സികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സുനന്ദ പുഷകറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ നേരിട്ട് പ്രതിയാക്കുന്ന തെളിവുകളുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് വിചാരണക്കോടതിയെ അറിയിച്ചത്. പ്രതിപക്ഷത്തെ പ്രധാന നേതാക്കളെയെല്ലാം ഉന്നം വെച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന വേട്ട സ്വാഭാവിക നിയമ നടപടികളുടെ ഭാഗമല്ലെന്ന് വ്യക്തമാണ്. വമ്പന്മാരെ ഒന്നൊന്നായി കുരുക്കി കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം നടപ്പില്‍ വരുത്തുകയാണ് മോഡി സര്‍ക്കാര്‍ എന്നുവേണം കരുതാന്‍.

ഇതിനു പുറമെ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ ഡസന്‍കണക്കിന് നേതാക്കള്‍ക്കെതിരായ കേസുകള്‍ സജീവമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഏജന്‍സികള്‍.

രമേശ് അരൂര്‍

Other News