ചിന്തന്‍ ശിബിരം:  വരുമോ കോണ്‍ഗ്രസിനെ നയിക്കാന്‍ യുവനിര..


MAY 14, 2022, 9:18 AM IST

ജയ്പൂര്‍: കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം  രണ്ടാം ദിനത്തിലേക്കു കടക്കുമ്പോള്‍ സംഘടനയെ മുന്നോട്ട് നയിക്കാന്‍ യുവനിരയെത്തണമെന്ന നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചേക്കും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയില്‍ സമൂലമായ മാറ്റം അനിവാര്യമെന്ന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. അസാധാരണ സാഹചര്യങ്ങള്‍ അസാധാരണ നടപടികള്‍ ആവശ്യപ്പെടുമെന്ന് പറഞ്ഞ സോണിയ താന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

സമീപകാലത്ത് ഏറ്റ പരാജയങ്ങള്‍ വിസ്മൃതിയിലാകാന്‍ അനുവദിക്കരുതെന്നും മുന്നോട്ടുള്ള പാതയില്‍ നേരിടേണ്ട കഷ്ടതകള്‍ ആരു മറക്കരുതെന്നും സോണിയ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ വരുത്തേണ്ട മാറ്റങ്ങളെകുറിച്ച് താന്‍ ബോധവതിയാണെന്നും ജനങ്ങളുടെ പ്രതീക്ഷകളെ കുറിച്ച് കോണ്‍ഗ്രസിന് വ്യക്തമായ ധാരണകളുണ്ടെന്നും സോണിയ പറഞ്ഞു.

രാജ്യത്തിനുള്ളില്‍ ഒരുകാലത്ത് കോണ്‍ഗ്രസിനുണ്ടായിരുന്ന മികച്ച സ്ഥാനം തിരിച്ചുപിടിക്കാന്‍ എല്ലാ നേതാക്കന്മാരും പ്രവര്‍ത്തകരും ബാദ്ധ്യസ്ഥരാണെന്ന് 450 ഓളം നേതാക്കന്മാര്‍ പങ്കെടുത്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സോണിയ ഗാന്ധി പറഞ്ഞു. വ്യക്തിപരമായ താത്പര്യങ്ങളെക്കാളും പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഓരോ നേതാക്കന്മാരോടും അവര്‍ ആവശ്യപ്പെട്ടു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ കോണ്‍ഗ്രസിന് ഒരു മടങ്ങിവരവ് സാദ്ധ്യമാകുകയുള്ളൂവെന്നും അതിനായി എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

കാലത്തിനനുസരിച്ച് കോലം മാറിയിട്ടില്ല പാര്‍ട്ടിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു. കമല്‍നാഥ് പ്രധാനപദവിയിലേക്ക് എത്തുമെന്ന് സൂചന.യുപിഎയിലേക്ക് കൂടുതല്‍ ഘടക കക്ഷികളെ ചേര്‍ക്കുന്നതില്‍ ചിന്തന്‍ ശിബിരില്‍ വ്യത്യസ്ത അഭിപ്രായം. ഇന്നലെ സംസാരിച്ച വക്താവ് മനു അഭിഷേക് സിങ്വി ഘടകകക്ഷി ചര്‍ച്ച തുടരണമെന്ന് അഭിപ്രായപ്പെട്ടു. ആദ്യം പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധിക്കണം എന്നായിരുന്നു മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടെ നിര്‍ദേശം.

ഗുജറാത്തും ഹിമാചല്‍ പ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രാദേശിക ഘടക കക്ഷികളുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടു. പാര്‍ട്ടി വളര്‍ച്ചയ്ക്കായി ദീര്‍ഘകാല പദ്ധതികള്‍ വേണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതേസമയം തെരെഞ്ഞെടുപ്പ് വിജയത്തിനായി പ്രാദേശിക അടിസ്ഥാനത്തില്‍,കൂടുതല്‍ പാര്‍ട്ടികളെ കണ്ടെത്തണം.

ദളിത്,ന്യൂനപക്ഷ വിഭാഗങ്ങളോട് ചേര്‍ന്നു നില്‍ക്കുകയും അവര്‍ക്കായി ശബ്ദമുയര്‍ത്തുകയും വേണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കുന്ന നിലപാടിനെതിരെയും വാദം ശക്തമായി.

ആഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ പദവിയിലേക്ക് ആരെയെങ്കിലും ഉയര്‍ത്തികാട്ടാന്‍ ചിന്തന്‍ ശിബിര്‍ വേദിയാകില്ല. അതേസമയം പൂര്‍ണ സമയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി തുടരണമെന്ന് വിവിധ ഗ്രൂപ്പുകളില്‍ അവശ്യമുയര്‍ന്നു. ടി.എന്‍ പ്രതാപന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്ന് അഭിപ്രായപ്പെടുന്നവരാണ്.

Other News