പി. ചിദംബരത്തിന് സ്‌പെയിനിലും ബ്രിട്ടനിലും ഇന്ത്യയിലും കോടികളുടെ അനധികൃത സ്വത്തുവകകള്‍


AUGUST 21, 2019, 2:07 PM IST

ന്യൂഡല്‍ഹി:   ഐഎന്‍എക്സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് എതിരായ കുരുക്ക് മുറുകുന്നു.

ചിദംബരത്തിനെതിരെ നിര്‍ണാക തെളിവുകളുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ഉടമസ്ഥതയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള വസ്തുവകകള്‍ എങ്ങനെ തരപ്പെടുത്തിയെന്നും അതിനുള്ള പണത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് ഇഡി പറയുന്നു.

പി ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്താലാണ് ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ പതിനേഴ് മണിക്കൂറിലധികമായി പി ചിദംബരം ഒളിവിലാണെന്നാണ് സൂചന.ഐഎന്‍എക്സ് മീഡിയയുമായി ബന്ധപ്പെട്ട ഇടപാടിലൂടെ ലഭിച്ച കൈക്കൂലി തുകയില്‍ നിന്നുമാണ് കാര്‍ത്തി ചിദബംരം സ്പെയിനിലും ബ്രിട്ടനിലും ഇന്ത്യയിലും ഉള്‍പ്പെടെ വസ്തുക്കള്‍ സ്വന്തമാക്കിയത്. 54 കോടിയിലധികം രൂപയാണ് ടെന്നീസ് ക്ലബ്ബിനുള്‍പ്പെടെ കാര്‍ത്തി ചിദംബരം ചിലവാക്കിയത്. സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. ഡല്‍ഹിയിലെ ജോര്‍ബാഗില്‍ ചിദംബരം താമസിക്കുന്ന ബംഗ്ലാവിന് 16 കോടി രൂപയാണ് മുടക്കുമുതല്‍.

സ്പെയില്‍ ബാര്‍സിലോണയിലുള്ള ടെന്നീസ് ക്ലബ്ബിന് മുടക്കിയതാകട്ടെ 15 കോടി രൂപയും. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചെന്നൈയിലെ നുന്‍ഗംബക്കത്തുള്ള ബ്രാഞ്ചില്‍ കാര്‍ത്തിയുടെ പേരില്‍ 9.23 കോടിയുടെ സ്ഥിര നിക്ഷേപമാണ് ഉള്ളത്. ഡിസിബി ബാങ്കിന്റെ ചെന്നൈ ബ്രാഞ്ചില്‍ അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ 90 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ടെന്നും ഇഡി പറയുന്നു.ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎന്‍എക്സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതല്‍ മുടക്ക് കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതില്‍ അഴിമതി നടന്നെന്നാണ് സിബിഐയുടെ കേസ്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കേസില്‍ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ്. ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന നിലപാടാണ് സിബിഐക്കുമുള്ളത്.

Other News