ന്യൂദല്‍ഹി: കേരള ഹൈക്കോടതിയിലെ മൂന്ന് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ സുപ്രിം കോടതി കൊളീജിയം ശുപാര്‍ശ. ജസ്റ്റിസ് അബ്ദുല്‍ റഹീം മുസലിയാര്‍ ബദറുദ്ദീന്‍, ജസ്റ്റിസ് വിജു എബ്രഹാം, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി. പി എന്നിവരെയാണ് സ്ഥിരം ജഡ്ജിമാരാക്കാന്‍ ശുപാര്‍ശയുളളത്. ഇവരുടെ സേവനത്തില്‍ സംതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയാണ് കൊളീജിയം കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
നടപടിക്രമങ്ങളുടെ ഭാഗമായാണ് സ്ഥിരം ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സാധാരണ അഡീഷണല്‍ ജഡ്ജിമാരായി സേവനമനുഷ്ഠിച്ച് രണ്ടു വര്‍ഷത്തിന് ശേഷം ഇവരുടെ സേവനത്തില്‍ സംതൃപ്തിയുണ്ടെങ്കില്‍ മാത്രമാണ് സ്ഥിരം ജഡ്ജിമാരാക്കുക. ജഡ്ജിമാരുടെ പരാമര്‍ശത്തിലോ വിധി ന്യായത്തിലോ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കില്‍ അഡീഷണല്‍ ജഡ്ജി എന്ന പദവി നീട്ടി നല്‍കുകയാണ് ചെയ്യുക.