പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു


FEBRUARY 22, 2021, 4:48 PM IST

പുതുച്ചേരി: തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്  കനത്ത തിരിച്ചടിയായി പുതുച്ചേരിയിലെ വി നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. 12 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് സര്‍ക്കാറിന് ലഭിച്ചത്. 14 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമാണ് ഭരണം നിലനിര്‍ത്താനാവുക. കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി ഗവര്‍ണര്‍ അറിയിച്ചു.

സര്‍ക്കാര്‍ താഴെ വീണതോടെ തെരഞ്ഞെടുപ്പ് വരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും. എം എല്‍ എമാരുടെ കൂട്ടരാജിയാണ് നാരായണ സ്വാമി സര്‍ക്കാറിന് തിരിച്ചടിയായത്. ഇന്നലെ ഒരു കോണ്‍ഗ്രസ് എം എല്‍ എയും ഡി എം കെ എം എല്‍ എയും രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് എം എല്‍ എയും മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയുമായ കെ ലക്ഷ്മിനാരായണനും ഡി എം കെയിലെ വെങ്കടേശനുമാണ് രാജി സമര്‍പ്പിച്ചത്.

വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി നാരായണസ്വാമിയും ഭരണപക്ഷ എം എല്‍ എമാരും സഭയില്‍നിന്ന് ഇറങ്ങിപ്പോയി. തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ താഴെവീണത്. അതേസമയം കേന്ദ്ര സര്‍ക്കാറിനെയും മുന്‍ ലെഫ്. ഗവര്‍ണര്‍ കിരണ്‍ബേദിയെരയും വി നാരായണസ്വാമി വിമര്‍ശിച്ചു. കിരണ്‍ബേദിയെ ഉപയോഗിച്ച് കേന്ദ്രം രാഷ്ട്രീയം കളിച്ചുവെന്നും പുതുച്ചേരിയുടെ ഫണ്ട് തടഞ്ഞുവെച്ച് ഗൂഡാലോചന നടത്തിയെന്നും കുറ്റപ്പെടുത്തി. എം എല്‍ എമാര്‍ പാര്‍ട്ടിയോട് വിശ്വാസ്യത പുലര്‍ത്തണം. രാജിവെച്ച എം എല്‍ എമാര്‍ക്ക് ജനങ്ങളുടെ മുഖത്ത് നോക്കാന്‍ കഴിയില്ല. അവരെ ജനം അവസരവാദികളെന്ന് വിളിക്കുമെന്നും വി നാരായണസ്വാമി നിയമസഭയില്‍ പറഞ്ഞു. നേരത്തേ മൂന്ന് എം എല്‍ എമാര്‍ രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ആറ് എം.എല്‍.എമാര്‍ രാജിവെച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണ 12 ആയി ചുരുങ്ങി. അതേസമയം ബി ജെ പി അടങ്ങുന്ന പ്രതിപക്ഷത്തിന് അംഗബലം 14 ആയി.

Other News