പശ്ചിമ ബംഗാളില്‍ ബിജെപിക്കെതിരെ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്


AUGUST 25, 2019, 3:29 PM IST

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ നീക്കത്തിന് സോണിയ ഗാന്ധിയുടെ അനുമതി.മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായിരുന്നു.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ സഖ്യ സാധ്യത രൂപപ്പെട്ടിരുന്നെങ്കിലും സി.പി.എം. പിന്നീട് പിന്മാറിയിരുന്നു. എങ്കിലും ചില സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന ധാരണയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ബി.ജെ.പി.യിലേക്ക് പോകുന്നത് തടയാന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി സഖ്യത്തിലേര്‍പ്പെടാനാണ് കോണ്‍ഗ്രസ് നീക്കം. ബി.ജെ.പി.യെ ചെറുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന മമത ബാനര്‍ജിയുടെ ആവശ്യം തള്ളിയാണ് കോണ്‍ഗ്രസ് സി.പി.എമ്മുമായി കൈകോര്‍ക്കുന്നത്.ഇടതുപക്ഷവുമായി അവര്‍ക്ക് സമ്മതമാണെങ്കില്‍ സഖ്യമുണ്ടാക്കാന്‍ സോണിയാഗാന്ധി അനുമതി നല്‍കിയതായി ബംഗാള്‍ പി.സി.സി. പ്രസിഡന്റ് സോമേന്ദ്ര നാഥ് മിത്ര പറഞ്ഞു.സംസ്ഥാനത്ത് അടുത്ത് നടക്കാതിരിക്കുന്ന നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്.കാളിഗഞ്ജ്, കരഗ്പൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ സി.പി.ഐ.എം കരിംപൂര്‍ സീറ്റില്‍ മത്സരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. സി.പി.ഐ.എമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. സോണിയ പച്ചക്കൊടി വീശിയെങ്കിലും സി.പി.എമ്മിന്റെ നിലപാടിനെ ആശ്രയിച്ചാകും സഖ്യത്തിന്റെ ഭാവി.

Other News