ന്യൂഡല്‍ഹി: നോവല്‍ കൊറോണ വൈറസുകള്‍ക്കെതിരെ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനായ കോവാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് ഇന്ത്യയുടെ മരുന്ന് വിപണി നിയന്ത്രിക്കുന്ന ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയതായി നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഇന്ത്യ (ബിബിഐഎല്‍) പറയുന്നു. ജൂലൈയില്‍ ഇന്ത്യയിലെമ്പാടും പരീക്ഷണം ആരംഭിക്കും.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി (എന്‍ഐവി) ചേര്‍ന്നാണ് ബിബിഐഎല്‍ കോവാക്സിന്‍ വികസിപ്പിച്ചത്.
ഈ പങ്കാളിത്ത ഗവേഷണത്തിന്റെ ഭാഗമായി എന്‍ഐവി രോഗ ലക്ഷണമില്ലാതിരുന്ന കോവിഡ്-19 രോഗിയില്‍ നിന്നും വൈറസിനെ വേര്‍തിരിച്ചെടുത്ത് മെയ് മാസത്തിന്റെ തുടക്കത്തില്‍ ബിബിഐഎല്ലിന് കൈമാറി. അവര്‍ ഹൈദരാബാദിലെ അതീവ സുരക്ഷിതമായ പരീക്ഷണ ലാബില്‍ ജീവനില്ലാത്ത വൈറസിനെ ഉപയോഗിച്ചുള്ള വാക്സിന്‍ നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചു.
മനുഷ്യനില്‍ ഈ വാക്സിന്‍ കുത്തിവച്ചാല്‍ അതിന് രോഗം പരാത്താനോ എണ്ണം വര്‍ദ്ധിപ്പിക്കാനോ കഴിയുകയില്ല. കാരണം, അതൊരു കൊല്ലപ്പെട്ട വൈറസാണ്. ജീവനില്ലാത്ത വൈറസ് രോഗ പ്രതിരോധ സംവിധാനത്തില്‍ എത്തുമ്പോള്‍ ശരീരം ആന്റിബോഡി ഉല്‍പാദിപ്പിക്കും കമ്പനി പറയുന്നു. ജീവനില്ലാത്ത വൈറസിനെ കൊണ്ട് നിര്‍മ്മിച്ച വാക്സിനുകള്‍ക്ക് മികച്ച സുരക്ഷാ റെക്കോര്‍ഡുണ്ട്.
ബിബിഐഎല്ലിന്റെ കോവാക്സിനെ പ്രീ-ക്ലിനിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഗിനി പന്നികള്‍, എലികള്‍ തുടങ്ങിയവയിലാണ് വാക്സിന്‍ പരീക്ഷിക്കുന്നത്. മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുവാദം തേടി ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ സമീപിക്കുന്നതിന് മുമ്പായിരുന്നു മൃഗങ്ങളില്‍ പരീക്ഷണം നടന്നത്.
ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ തലവനായ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ മനുഷ്യരില്‍ രണ്ട് ഘട്ടങ്ങളിലായി ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനാണ് ഭാരത് ബയോടെക്കിന് അനുമതി നല്‍കിയത്.
രാജ്യത്തെ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തദ്ദേശീയമായി വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒരുപടി കൂടി മുന്നേറിയിരിക്കുകയാണ്.
ആദ്യ ഘട്ടത്തില്‍ വാക്സിന്‍ വളരെ കുറച്ച് ആളുകളിലാണ് പരീക്ഷിക്കുന്നത്. വാക്സിന്റെ സുരക്ഷിതമായ ഡോസ് കണ്ടെത്തുന്നതിനും വൈറസിനെതിരെ പ്രതിരോധശേഷി ശരീരത്തില്‍ ഉണ്ടാകുന്നുണ്ടോയെന്നും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്നും കണ്ടെത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. വയസ്സ്, ലിംഗം തുടങ്ങിയ പ്രത്യേകകള്‍ക്ക് അനുസരിച്ച് വാക്സിന്‍ പ്രതികരിക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തുന്നതിനായി ധാരാളം പേരില്‍ പരീക്ഷിക്കുന്നതാണ് രണ്ടാം ഘട്ടം.
ഏതൊരു പുതിയൊരു മരുന്നിനേയും പോലെ വാക്സിനും നാല് ഘട്ടങ്ങളിലൂടെയുള്ള ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാകണം. പ്രീ-ക്ലിനിക്കല്‍ ഘട്ടത്തില്‍ തുടങ്ങി ആയിരക്കണക്കിന് ആളുകളില്‍ പരീക്ഷിക്കുന്ന മൂന്നാം ഘട്ടം വരെ നീളുന്നു ഈ പരീക്ഷണം. ഡ്രഗ്സ് കണ്‍ട്രോളറില്‍ നിന്നും അനുമതി ലഭിച്ച് വിപണിയിലെത്തുന്ന മരുന്നിനെ നിര്‍മ്മാതാക്കള്‍ തുടര്‍ന്നും നിരീക്ഷിച്ചു കൊണ്ടേയിരിക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാക്സിന്‍ രോഗികളില്‍ അനാവശ്യമായ പ്രഭാവം സൃഷ്ടിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ഇത്.
ജൂലൈയില്‍ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിനാണ് ഭാരത് ബയോടെക് പദ്ധതിയിടുന്നത്. എന്നാല്‍, പരീക്ഷണത്തിന്റേയും വാക്സിന് അനുമതി ലഭിക്കുന്നതിന്റേയും മുഴുവന്‍ സമയപട്ടികയേയും കുറിച്ച് ഉറപ്പുകളൊന്നുമില്ല.